സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് ഇന്നത്തേക്ക് അവസാനിപ്പിച്ചു. ഇന്ന് രാവിലെ ഒമ്ബതു മണിയോടെ തുടങ്ങിയ ചോദ്യം ചെയ്യലാണ് അവസാനിപ്പിച്ചത്. ഏതാണ്ട് 9 മണിക്കൂറോളം ചോദ്യം ചെയ്യല്‍‌ തുടര്‍ന്നെന്നാണ് വിവരം. ശിവശങ്കര്‍ ഇന്ന് കാലത്ത് നാലുമണിയോടെ തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലെത്തുകയായിരുന്നു. സ്വന്തം വാഹനത്തില്‍ ഡ്രൈവ് ചെയ്താണ് ഇദ്ദേഹം രാവിലെ ഒമ്ബതു മണിയോടെ കൊച്ചിയിലെത്തിയത്.

എന്‍ഐഎ ദക്ഷിണ മേഖല മേധാവി കെബി വന്ദനയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ബെംഗളൂരുവില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലില്‍ പങ്കെടുത്തു. തിരുവനന്തപുരത്ത് എന്‍ഐഎ നടത്തിയ ചോദ്യം ചെയ്യലിലെ വൈരുദ്ധ്യങ്ങളിലാണ് ഇത്തവണ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയെന്ന അഭ്യൂഹങ്ങള്‍ ചില റിപ്പോര്‍ട്ടുകളിലുണ്ട്.

ഈ ചോദ്യം ചെയ്യലിന് സമാന്തരമായി സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട് എന്‍‌ഐഎ. ഈ നടപടി സെക്രട്ടേറിയറ്റില്‍ പുരോഗമിക്കുകയാണ്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമാണ് സിസിടിവി ദൃശ്യങ്ങളുടെ പരിശോധന. കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്ന നിലപാടിലേക്ക് എന്‍ഐഎ എത്തിയത്. ഉടന്‍ തന്നെ ഇതിനുള്ള അനുമതിക്കായി സര്‍ക്കാരിനെ സമീപിച്ചു. സര്‍ക്കാര്‍ അനുമതിയും വൈകാതെ ലഭിച്ചു.

എക്‌സ്റ്റേര്‍ണല്‍ ഹാര്‍ഡ് ഡിസ്‌കിലേക്കാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ജുലൈ ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ദൃശ്യങ്ങളാണ് പകര്‍ത്തിയത്. സെക്രട്ടേറിയിലേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കാണ് എന്‍ഐഎ നേരത്തെ കത്ത് നല്‍കിയിരുന്നത്. രണ്ടുഘട്ടമായി ഒരു വര്‍ഷത്തെ ദൃശ്യങ്ങളാണ് എന്‍ഐഎ ശേഖരിക്കുക. ഇതിന് സമയമെടുക്കുമെന്നാണ് വിവരം.

ശിവശങ്കറിന് തന്റെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്താനുള്ള സൗകര്യം എന്‍ഐഎ ഒരുക്കിയിട്ടുണ്ട്. നാളെയും ഇദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതുണ്ട്. ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നതിനിടയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരും എന്‍ഐഎ ഓഫിസിലെത്തിയിരുന്നു.

ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കില്ലെന്ന വാര്‍ത്തയും ഇതിനിടെ പുറത്തു വന്നിരുന്നു.

അതെസമയം, സ്വര്‍ണ്ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദിനെയും റബിന്‍സിനെയും പ്രതി ചേര്‍ത്ത് കസ്റ്റംസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇരുവരെയും 17, 18 പ്രതികളാക്കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇരുവരും ചേര്‍ന്ന് ഒരു കോടി രൂപയുടെ സ്വര്‍ണ്ണമാണ് കടത്തിയതെന്നും യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് സ്വര്‍ണ്ണം കടത്തിയ കേസില്‍ ഇരുവര്‍ക്കും നിര്‍ണായക പങ്കുണ്ടെന്നും കസ്റ്റംസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വാറന്റ് വാങ്ങി പ്രതികളെ കേരളത്തിലേക്ക് കൊണ്ടുവരാനാണ് കസ്റ്റംസിന്റെ നീക്കം.