പാലക്കാട് : കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഷൊര്‍ണൂര്‍ എസ്ബിഐയിലെ സെക്യൂരിറ്റി ജീവനക്കാരനായ ജിത്തു കുമാറി (44)നെയാണ് ആള്‍ താമസമില്ലാതിരുന്ന ഭാര്യാ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് വീട്ടില്‍ നിന്നും ഇദ്ദേഹത്തെ കാണാതായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൂന്നു കിലോമീറ്ററോളം അകലെയുള്ള ഭാര്യ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മറ്റാരും താമസമില്ലാതെ ഒഴിഞ്ഞുകിടന്നിരുന്ന വീടാണിത്. കരസേന സിഗ്നല്‍ വിഭാഗത്തില്‍ ഉദ്യോഗസ്ഥനായി വിരമിച്ചയാള്‍ കൂടിയാണ് ജിത്തുകുമാര്‍.

സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. കൊറോണ എന്ന മഹാമാരി ഉറക്കം കളഞ്ഞിട്ട് മാസങ്ങളായെന്നും ചെറിയ കാര്യത്തിന് പോ-ലും ടെന്‍ഷന്‍ അടിയ്ക്കുന്ന എനിക്ക് ഇനിയും മഹാമാരിയെ ഭയന്ന് ജീവിക്കാന്‍ വയ്യെന്നും എഴുതിയിട്ടുണ്ട്. ഓരോ കാര്യത്തിനും എത്തുന്നവര്‍ ദേഷ്യത്തോടെയും വെറുപ്പോടെയുമാണ് കാണുന്നത്. മഹാമാരി പിടിപ്പെടുമെന്ന ഭയമുണ്ടെന്നും വലിയ ഒറ്റപ്പെടല്‍ നേരിടുകയാണെന്നും കുറിപ്പില്‍ പറയുന്നു.

പട്ടാമ്ബി മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് മത്സ്യ വ്യാപാരിക്ക് കോവിഡ് പോസിറ്റീവായ സാഹചര്യത്തില്‍ 13 വാര്‍ഡുകള്‍ ഹോട്സ്പോട്ടാണ്. ഇവിടെയുള്ള മത്സ്യ വ്യാപാരിയുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്ക് സ്വയം ക്വാറന്റീന്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് ഇദ്ദേഹം നിരീക്ഷണത്തിലായത്. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.