ഡല്‍ഹി: കൊവിഡിന് എതിരെ തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിനായ ‘കോവാക്‌സി’ന്റെ മനുഷ്യരിലുള്ള ആദ്യഘട്ട പരീക്ഷണം രാജ്യത്ത് ആരംഭിച്ചു. ഡല്‍ഹി എയിംസിലാണ് ആദ്യഘട്ട പരീക്ഷണം ആരംഭിച്ചത്. ഐ.സി.എം.ആറുമായി ചേര്‍ന്ന് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കാണ് വാക്‌സിന്‍ വികസിപ്പിച്ചത്.ഡല്‍ഹി സ്വദേശിയായ മുപ്പതുകാരനിലാണ് വാക്‌സിന്‍ ആദ്യം കുത്തിവച്ചത്.രാജ്യത്തെ മുപ്പതിനായിരത്തോളം പേരാണ് വാക്‌സിന്‍ പരീക്ഷണത്തിനായി എയിംസില്‍ സന്നദ്ധതയറിയിച്ചിരിക്കുന്നത്. ഇവരില്‍ തിരഞ്ഞെടുത്ത 22 പേരുടെ ശാരീരിക പരിശോധന പുരോഗമിക്കുകയാണ്. പരിശോധനയില്‍ യോഗ്യരെന്ന് തെളിയുന്നവരിലാണ് വാക്‌സിന്‍ കുത്തിവയ്ക്കുക.കോവാക്‌സിന്റെ ഒന്നും രണ്ടും ഘട്ട പരീക്ഷണത്തിന് ഐ.സി.എം.ആര്‍ തിരഞ്ഞെടുത്തിരിക്കുന്ന 12 സ്ഥാപനങ്ങളിലൊന്നാണ് ഡല്‍ഹി എയിംസ്. ആദ്യഘട്ടത്തില്‍ ആകെ 375 പേരിലാണ് വാക്‌സിന്‍ പരീക്ഷിക്കുക. ഇവരില്‍ 100 പേര്‍ എയിംസില്‍ നിന്നായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.