തിരുവനന്തപുരം കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ബാലരാമപുരം പഞ്ചായത്തിലുള്‍പ്പെടെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ജില്ലയിലെ ലാര്‍ജ് ക്ലസ്റ്ററുകളില്‍ രോഗ വ്യാപനത്തിന് കുറവില്ല. അടിമലത്തുറയില്‍ 20 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കാട്ടാക്കട കെ എസ് ആര്‍ ടി സി ഡിപ്പോയിലെ ഡ്രൈവര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. വിമാനത്താവളത്തിലേക്കുളള ഡ്യൂട്ടിയും ഇയാള്‍ നോക്കിയിരുന്നു. വിപുലമായ സൗഹൃദവലയത്തിനുടമയായ ഇയാള്‍ ആയിരത്തിലധികം പേരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശത്തെ വലിയ കോവിഡ് ക്ലസ്റ്ററുകളില്‍ രോഗവ്യാപനത്തിന് കുറവില്ല. സമൂഹ വ്യാപനം നടന്ന പൂന്തുറയില്‍ ഇന്നലെയും 31 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 5 വലിയ ക്ലസ്റ്ററുകള്‍ ജില്ലയില്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ 6 പൊലീസുകാര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. കോര്‍പറേഷന്‍ മേയറും സ്വയം നിരീക്ഷണത്തിലാണ്.