വാഷിങ്ടണ്‍: ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആണെങ്കില്‍ വിദേശത്തുനിന്ന് പുതുതായി വിദ്യാര്‍ത്ഥികള്‍ രാജ്യത്തേക്ക് വരേണ്ടതില്ലെന്ന് യുഎസ് ഭരണകൂടം. ഓണ്‍ലൈന്‍ പഠനം നടത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ രാജ്യംവിട്ടു പോകണമെന്ന ഉത്തരവ് പിന്‍വലിച്ചതിന് പിന്നാലെയാണ് പുതിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമതി അമേരിക്ക നിഷേധിച്ചത്.

കുടിയേറ്റ വിഷയത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കുന്ന ട്രംപ് ഭരണകൂടം നേരത്തെ വിദേശ പൗരന്‍മാര്‍ക്കുള്ള വിവിധ വിസകള്‍ താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ രാജ്യം വിടണമെന്ന വിവാദ ഉത്തരവിനെതിരെ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല, എംഐറ്റി, അധ്യാപക യൂണിയന്‍ എന്നിവര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അമേരിക്കയിലെ ഭൂരിഭാഗം സര്‍വകലാശാലകളും കോളേജുകളും അടുത്ത സെമസ്റ്ററിലേക്കുള്ള പദ്ധതികളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ക്ലാസുകള്‍ ഓണ്‍ലൈനാക്കുമെന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാല അറിയിച്ചിരുന്നു.