അജു വാരിക്കാട്

ഹ്യുസ്റ്റൺ : 1979-ൽ പ്രവർത്തനം ആരംഭിച്ച ഹ്യൂസ്റ്റണിലെ മോൺട്രോസിൽ സ്ഥിതി ചെയ്യുന്ന ചൈനീസ് കോൺസുലേറ്റ് ഔദ്യോഗികമായി അടച്ചുപൂട്ടാൻ നൽകിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിച്ചതായി ചൈനീസ് വൃത്തങ്ങൾ അറിയിച്ചു.

അമേരിക്കൻ ബൗദ്ധിക സ്വത്തും അമേരിക്കക്കാരുടെ സ്വകാര്യ വിവരങ്ങളും സംരക്ഷിക്കുന്നതിൽ  ചൈനീസ്കോൺസുലേറ്റ് ഒരു ഭീക്ഷണി ആയതിനാലാണ് അടച്ചു പൂട്ടാൻ ഉത്തരവിട്ടതെന്ന് യുഎസ് ഒരു ഹ്രസ്വ പ്രസ്താവനയിൽ പറഞ്ഞു.

ചൈന അമേരിക്കയോട് ഈ  “തെറ്റായ തീരുമാനം” പിൻവലിക്കാൻ അഭ്യർത്ഥിക്കുകയും, നിലവിലെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും യു.എസ് ഏകപക്ഷിയമായി സൃഷ്ടിച്ചതാണെന്നു ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു.

ഇന്ന് വെള്ളിയാഴ്ച രാവിലെതന്നെ സാധനങ്ങൾ മാറ്റുന്നതിന്റെ ഭാഗമായി ഹരോൾഡ് സ്ട്രീറ്റിലെ കോൺസുലേറ്റ് കെട്ടിടത്തിന് പുറത്ത് ഒരു വലിയ 18 വീലർ ട്രക് കണ്ടിരുന്നു അതോടൊപ്പം അവിടെ പ്രതിക്ഷേധത്തിന്റെ ബാനറുകളുമായി മുപ്പതോളം പേർ മുദ്രാവാക്യങ്ങളുമായി നിൽക്കുന്നു.

ഹ്യുസ്റ്റൻ കോൺസുലേറ്റ് അടച്ചു പൂട്ടിച്ചതിനു മറുപടിയായി ചൈനയുടെ തെക്കുപടിഞ്ഞാറൻ നഗരമായ ചെങ്ഡുവിൽ സ്ഥിതി ചെയ്യുന്ന അമേരിക്കൻ കോൺസുലേറ്റ് അടച്ചു പൂട്ടാൻ ചൈന ഉത്തരവിട്ടു.

ചെങ്ഡുവിലെ യു.എസ് കോൺസുലേറ്റ് ജനറലിന്റെ സ്ഥാപനത്തിനും പ്രവർത്തനത്തിനും അനുമതി പിൻവലിക്കാൻ ചൈന തീരുമാനിച്ചിട്ടുണ്ടെന്നും എല്ലാ വ്യാപാരപ്രവർത്തനങ്ങളും മറ്റു പ്രവർത്തനങ്ങളും അവസാനിപ്പിക്കാൻ  തീരുമാനിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച നടത്തിയ പ്രസ്താവനയിൽ പറഞ്ഞു.

വ്യാപാരബന്ധങ്ങളിലും, കൊറോണവൈറസ് പകർച്ചവ്യാധി കൈകാര്യം ചെയ്യുന്നതിലും, സാങ്കേതികവിദ്യയിലും, ചാരവൃത്തി ആരോപണങ്ങളും, ഹോങ് കോങ്ങ് വിഷയവും, ചൈനീസ് മുസ്ലിങ്ങൾക്കെതിരായ അതിക്രമങ്ങലും തുടങ്ങിയ നിരവധി വിഷയങ്ങളിൽ  ചൈനീസ്-യു.എസ് ബന്ധം ഇപ്പോൾ കൂടുതൽ രൂക്ഷമായിട്ടുണ്ട്.