കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിന് മുന്നോടിയായി 14 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയതോടെ ഓസ്ട്രേലിയയിലേക്ക് ജംബോ ടീമിനെ അയക്കാന്‍ ഇന്ത്യ. 26 അംഗ ടീമിനെ അയക്കുന്നതാകും ഉചിതമെന്ന് സെലക്ടര്‍ എംഎസ്കെ പ്രസാദ് പറഞ്ഞു. നിലവില്‍ ഇംഗ്ലീഷ് പര്യടനം നടത്തുന്ന വെസ്റ്റ് ഇന്‍ഡീസും ജംബോ ടീമിനെയാണ് അയച്ചത്.

സീനിയര്‍ ടീമിനൊപ്പം ഇന്ത്യന്‍ എ ടീമിനെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സംഘമായിരിക്കും ഓസ്ട്രേലിയന്‍ പര്യടനത്തിന് പോകുക. ഇത് ടീമിനും ഏറെ സഹായകമാകുമെന്ന് പ്രസാദ് അഭപ്രായപ്പെടുന്നു. മുതിര്‍ന്ന താരങ്ങള്‍ക്കും മാനേജ്മെന്റിനും യുവതാരങ്ങളെ നിരീക്ഷിക്കാന്‍ അവസരം ലഭിക്കും.

ഓസ്ട്രേലിയന്‍ പര്യടനത്തിനെത്തുന്ന ഇന്ത്യന്‍ താരങ്ങള്‍ അഡ്‌ലെയ്ഡില്‍ ക്വാറന്റൈനില്‍ കഴിയണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ആക്‌ടിങ് ചീഫ് നിക്ക് ഹോക്ക്‌ലി വ്യക്തമാക്കിയിരുന്നു. ക്രിക്കറ്റ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരമ്ബരയ്ക്ക് മുന്നോടിയായി താരങ്ങള്‍ ക്വാറന്റൈന്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കണമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ആവശ്യപ്പെടുന്നത്.

ക്വാറന്റൈന്‍ കാലവാധി ഒരാഴ്‌ചയായി കുറയ്ക്കണമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ഈ ആവശ്യം തള്ളുകയായിരുന്നു. ഇത്രയും ദിവസം ഹോട്ടലില്‍ കഴിയുന്നത് താരങ്ങളുടെ മാനസികാവസ്ഥയേയും കളിയുടെ നിലവാരത്തേയും ബാധിക്കുമെന്നായിരുന്നു ഗാംഗുലിയുടെ വാദം. അതേസമയം ക്വാറന്റൈന്‍ സമയത്ത് താരങ്ങള്‍ക്ക് പരിശീലനത്തിനുള്ള സൗകര്യമൊരുക്കുമെന്നും ഹോക്ക്‌ലി വ്യക്തമാക്കി. അഡ്ലെയ്‌ഡ് ഓവലില്‍ പരിശീലനവും അവിടെ പുതുതായി നിര്‍മിച്ച ഹോട്ടലില്‍ താമസ സൗകര്യവും ഒരുക്കാനാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പദ്ധതിയിടുന്നത്.