കോഴിക്കോട്‌: വരന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത കെ.മുരളീധരന്‍ എം.പി കൊവിഡ് ടെസ്റ്റിന് വിധേയനായി. മുരളീധരന്‍ തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ദിവസംവരെ ക്വാറന്റീനില്‍ കഴിയുമെന്നും അദ്ദഹം അറിയിച്ചു. നിരീക്ഷണത്തില്‍ കഴിയുന്നത് ആരെയും ഭയന്നിട്ടല്ലെന്നും. കൊവിഡ് കാലത്ത് നിയമങ്ങള്‍ പാലിക്കാന്‍ ഒരു പൗരനെന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും താന്‍ ബാധ്യസ്ഥനാണെന്നും കെ. മുരളീധരന്‍ പറഞ്ഞു.

കൊവിഡ് പോസിറ്റീവായ വ്യക്തിയുടെ വിവാഹത്തിന് താന്‍ പങ്കെടുത്തിട്ടില്ലെന്ന് കഴിഞ്ഞ ദിവസം മുരളീധരന്‍ പറഞ്ഞിരുന്നു. വിവാഹ ദിവസം പങ്കെടുത്ത വ്യക്തിയില്‍ നിന്നാണ് വരന് കൊവിഡ് ബാധിച്ചത്. എന്നാല്‍ താന്‍ അവിടെ പോയത് വിവാഹത്തലേന്നാണെന്നാണ് മുരളിധരന്റെ വാദം.ഇവരുടെ സമ്ബര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നെങ്കില്‍ അന്ന് തന്നെ ഒരു കളക്ടറും പറയാതെ സ്വയം ക്വാറന്റീനില്‍ പോയേനെയെന്നും അദ്ദേഹം പറഞ്ഞു. ഇത് വ്യക്തമാക്കിയിട്ടും സമൂഹ മാദ്ധ്യമങ്ങളും ദൃശ്യമാദ്ധ്യമങ്ങളും ഉപയോഗിച്ച്‌ അപവാദം പ്രചരിപ്പിക്കുകയാണെന്നും മുരളീധരന്‍ ആരോപിച്ചു.