ദിബ്രുഗര്‍: അസമില്‍ ദിവസങ്ങളായി തുടരുന്ന പ്രളയത്തില്‍ ഇന്നലെ മാത്രം നാല് പേര്‍ മരിച്ചു. ഇതോടെ ഇത്തവണത്തെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 93 ആയതായി സംസ്ഥാന ദുരന്ത നിരവാരണ അതോറിറ്റി അറിയിച്ചു.

സംസ്ഥാനത്തെ 26 ജില്ലകളിലായി 28,32,410 പേരെ ഇതുവരെ പ്രളയം നേരിട്ട് ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഗ്രാമവാസികള്‍ സ്വയം ഉണ്ടാക്കിയ ചങ്ങാടങ്ങളില്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് രക്ഷപ്പെടുകയാണെന്നാണ് ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന വിവരം.

അതേസമയം 2019ലെ അപേക്ഷിച്ച്‌ ഇത്തവണത്തെ പ്രളയം വന്യജീവികളെ വലിയ തോതില്‍ ബാധിച്ചിട്ടില്ലെന്ന് വനം വകുപ്പ് മന്ത്രി പരിമള്‍ സുക്ലബൈദ്യ പറഞ്ഞു. അതേസമയം കാസിരംഗ ദേശീയ പാര്‍ക്ക് ഇപ്പോഴും വെളളത്തിനടിയിലാണ്.

കഴിഞ്ഞ ഏതാനും ദിവസായി ശക്തമായ മഴയാണ് അസമുള്‍പ്പെടെയുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പെയ്യുന്നത്. ഇതിന്റെ ദുരിതം ഏറ്റവുമധികം ബാധിച്ചത് അസമിനെയാണ്. നിര്‍ത്താതെ പെയ്യുന്ന മഴയേത്തുടര്‍ന്ന് ബ്രഹ്‌മപുത്രയും അതിന്റെ പോഷകനദിയായ കൃഷ്ണയും കരകവിഞ്ഞ് ഒഴുകികൊണ്ടിരിക്കുകയാണ്.