ബെയ്ജിങ് : യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ ചൈന പ്രസിഡൻ്റ് ഷിയുമായി കൂടിക്കാഴ്ച നടത്തി. ചൈനയും അമേരിക്കയും എതിരാളികളേക്കാൾ പങ്കാളികളായി തുടരണമെന്ന് ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗ് പറഞ്ഞു. 

ബെയ്ജിംഗിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഷി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് നിരവധി പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്നും ഷി കൂട്ടിച്ചേർത്തു. 

കഴിഞ്ഞ വർഷം യുഎസ് പ്രസിഡൻ്റ് ജോ ബൈഡനെ ഷി കണ്ടിരുന്നു. അതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതായി ചൈനീസ് പ്രസിഡൻ്റ് പറഞ്ഞതായി സിസിടിവി റിപ്പോർട്ട് ചെയ്തു.

“ഇനിയും പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങളുണ്ട്. തുടർ ശ്രമങ്ങൾക്കുള്ള അവസരവുമുണ്ട്. പരസ്പര ബഹുമാനം, സമാധാനപരമായ സഹവർത്തിത്വം, വിജയകരമായ സഹകരണം എന്നിങ്ങനെ മൂന്ന് തത്ത്വങ്ങൾ ഞാൻ ചർച്ചയിൽ മുന്നോട്ടുവച്ചു. ചൈനയ്ക്കും അമേരിക്കയ്ക്കും പൊതുവായ വികസനത്തിനും ഇടമുണ്ട്. അമേരിക്കയുടെ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നതിൽ സന്തോഷമുണ്ട് ,” ഷി  പറഞ്ഞു.

നേരത്തെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി അഞ്ച് മണിക്കൂറോളം ബ്ലിങ്കന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ചൈന-അമേരിക്ക ബന്ധം കൂടുതല്‍ സ്ഥിരത കൈവരിക്കാന്‍ തുടങ്ങിയതായും അതിന്റെ ഭാവി ഇരുരാജ്യങ്ങളുടേയും തീരുമാനങ്ങളെ അടിസ്ഥാനമാക്കിയായിരിക്കുമെന്നും വാങ് വ്യക്തമാക്കി.