തിരുവനന്തപുരം:  നീണ്ട ഇടവേളയ്ക്ക് ശേഷം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ക്ലാസെടുത്തു. 2018 ബാച്ചിലെ ഐ എ എസ് ഓഫീസര്‍മാരുടെ ഫേസ് 2 ട്രെയിനിംഗ് പ്രോഗ്രാമില്‍ പ്രത്യേക ക്ഷണിതാവായാണ് മന്ത്രി ക്ലാസെടുത്തത്. മസൂറിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനാണ് പരിപാടി സംഘടിപ്പിച്ചത്.

ഐ എ എസ് ലഭിച്ച്‌ ജോലിയില്‍ പ്രവേശിച്ച 180 ഐ എ എസ് ഓഫീസര്‍മാരാണ് ക്ലാസില്‍ പങ്കെടുത്തത്. ഓണ്‍ ക്യാമ്ബസ് ട്രെയിനിംഗ് പ്രോഗ്രാം ആയി നടത്തുന്ന പരിപാടി കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ആയാണ് സംഘടിപ്പിച്ചത്. കേരളത്തില്‍ നിന്നുള്ള വളരെ അപൂര്‍വം മന്ത്രിമാര്‍ക്കാണ് ഇങ്ങനെ ക്ലാസെടുക്കാനുള്ള അവസരം ലഭിച്ചിട്ടുള്ളത്. ‘കോവിഡ് പ്രതിരോധത്തില്‍ സമൂഹപങ്കാളിത്തം’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പവര്‍ പോയിന്റ് പ്രസന്റേഷനോടെ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ക്ലാസെടുത്തത്. കോവിഡ് പ്രതിരോധത്തിന്റെ അനുഭവങ്ങള്‍ ഒന്നര മണിക്കൂര്‍ നീണ്ട ക്ലാസില്‍ പ്രതിഫലിച്ചു. ആറു മാസത്തിലേറെയായി കേരളം കൊറോണ വൈറസിനെതിരായ തുടര്‍ച്ചയായ പോരാട്ടത്തില്‍ മുഴുകിയിരിക്കുകയാണ്. ഒന്നും രണ്ടും ഘട്ടത്തില്‍ കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കേരളത്തിന് കഴിഞ്ഞു.

മൂന്നാം ഘട്ടത്തില്‍ കേസുകളുടെ എണ്ണം കൂടിയെങ്കിലും ഫലപ്രദമായി നേരിടുകയാണ് കേരളം. കോവിഡിന്റെ പ്രാദേശിക വ്യാപനം കുറയ്ക്കുന്നതിന് ശക്തമായ നടപടികളാണ് കേരളം സ്വീകരിച്ചുവരുന്നത്. വികേന്ദ്രീകൃത പൊതുജനാരോഗ്യ സംവിധാനവും ഫലപ്രദമായ ഇടപെടലുകളുമാണ് കോവിഡിനെ പ്രതിരോധിക്കാന്‍ സാധിക്കുന്നത്.