മിഷിഗണ്‍: കൊറോണ വൈറസ് ബാധിച്ച്‌ അമേരിക്കയില്‍ ഒരു കോണ്‍വെന്റിലെ 13 കന്യാസ്ത്രീകള്‍ മരിച്ചു. ഒരു മാസത്തെ ഇടവേളയിലാണ് ഈ കന്യാസ്ത്രീകള്‍ മരിച്ചത്. 69 മുതല്‍ 99 വയസ് വരെ പ്രായമുള്ളവരാണ് മരിച്ച കന്യാസ്ത്രീകള്‍.

മിഷിഗണിലെ ഫെലീഷ്യന്‍ സിസ്റ്റേഴ്സ് കോണ്‍വെന്റിലെ കന്യാസ്ത്രീകളാണ് മരിച്ചത്. ദുഃഖവെള്ളിയാഴ്ച 99 വയസുള്ള സിസ്റ്റര്‍ മേരി ലൂസിയ വോവ്സിനിയാക് ആണ് കോവിഡ് ബാധിച്ച്‌ ആദ്യം മരിച്ചത്. തുടര്‍ന്ന് 11 പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിക്കുകയായിരുന്നു.

കോണ്‍വെന്റിലുള്ള മറ്റ് 17 കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും രോഗമുക്തി നേടി. വൈറസ് മുക്തി നേടിയ ഒരാള്‍ പിന്നീട് മരിച്ചു.

കോണ്‍വെന്റില്‍ കഴിയുന്ന കന്യാസ്ത്രീകള്‍ എല്ലാവരും കൂടുതല്‍ സമയവും ഒരുമിച്ചായിരുന്നു ചെലവഴിച്ചിരുന്നത്. അധ്യാപകരും നഴ്സുമാരുമായി ജോലി ചെയ്തിരുന്ന ഇവര്‍ ജോലികളില്‍ നിന്ന് വിരമിച്ചതിനു ശേഷമാണ് കോണ്‍വെന്റില്‍ എത്തിയത്.