മസ്‌കത്ത്: കൊറോണവൈറസ് കേസുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജൂലായ് 25 മുതല്‍ ആഗസ്ത് എട്ടുവരെ ഒമാനില്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.

ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളും രണ്ടാഴ്ചത്തേക്ക് അടച്ചിടും. സഞ്ചാരം നിയന്ത്രിക്കും. ഇതിനായി പകല്‍ സമയങ്ങളില്‍ ചെക്ക്‌പോസ്റ്റുകളും സ്ഥാപിക്കും. എല്ലാത്തരം ഒത്തുചേരലുകളും, പ്രത്യേകിച്ചും ഈദ് പ്രാര്‍ത്ഥനകള്‍, പരമ്ബരാഗത ഈദ് മാര്‍ക്കറ്റുകള്‍, ആശംസകള്‍ എന്നിവയ്ക്കായി നിരോധിക്കും.

എല്ലാ പൊതു സ്ഥലങ്ങളും കടകളും വൈകിട്ട് 7 മുതല്‍ രാവിലെ 6 വരെ അടച്ചിടും. പട്രോളിംഗും ഏര്‍പ്പെടുത്തും.

ഒമാനില്‍ കൊറോണ കേസുകള്‍ വര്‍ധിച്ചിരിക്കയാണ്. പ്രതിദിന കേസുകള്‍ 1500 നു മുകളിലാണ്. തിങ്കളാഴ്ച 1,739 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. എട്ടു പേര്‍ മരിച്ചു.

ഇതുവരെ 69,887 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 337 പേര്‍ മരിച്ചു. 46,608 പേര്‍ രോഗമുക്തരായി.