തിരുവനന്തപുരം: തങ്ങളുടെ കൂട്ടത്തിലുള്ളവര്‍ക്കും വ്യാപകമായി രോഗബാധ ഉണ്ടാകുന്നതോടെ

സംസ്ഥാനത്ത് കഴിഞ്ഞ നാല് മാസത്തോളമായി വിശ്രമമില്ലാതെ കൊവിഡ് ഡ്യൂട്ടി നോക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ കടുത്ത ആശങ്കയില്‍. മാനസികമായി പലരും കനത്ത വെല്ലുവിളി നേരിടുന്നുവെന്നാണ് ആരോഗ്യ വകുപ്പ് വൃത്തങ്ങള്‍ പറയുന്നത്. എത്രകാലം നീണ്ടു നില്‍ക്കുമെന്ന് അറിയാന്‍ കഴിയാത്ത മഹാമാരിയ്‌ക്കിടയില്‍ ഇരുപത്തിനാല് മണിക്കൂറും കര്‍മ്മനിരതരായി ജോലി നോക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനായി ശക്തമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച്‌ തുടങ്ങി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ സമ്ബര്‍ക്ക വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തില്‍ കൗണ്‍സലിംഗ് ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

ഇനി എന്താകും,​ ​ എന്റെ കുടുംബം എന്താകും?​

നിരന്തരമായ ജോലിയും പടര്‍ന്നു പിടിക്കുന്ന രോഗവും ചില ആരോഗ്യ പ്രവര്‍ത്തകരുടെയെങ്കിലും ആത്മവിശ്വാസം കെടുത്തിയിട്ടുണ്ട്. ഇനി എന്താകും,​ എനിക്കും രോഗം വരുമോ,​ എന്റെ കുടുംബം എന്താകും, തുടങ്ങി നിരവധി ആധികളാണ് പല ആരോഗ്യ പ്രവര്‍ത്തകരും കൗണ്‍സലിംഗിനായി വിളിക്കുന്നവരോട് പങ്കുവയ്ക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്നത് രണ്ട് പ്രളയവും നിപ്പയും കൊവിഡിനെയുമാണ്. ഇതിനിടെ എലിപ്പനിയും ചിക്കുന്‍ഗുനിയയും രണ്ട് വര്‍ഷവും വന്നു. ഇവയൊക്കെ കടുത്ത ജോലിഭാരത്തിന് ഒപ്പം തന്നെ ആരോഗ്യപ്രവര്‍ത്തകരുടെ മാനസിക ആരോഗ്യത്തെ ബാധിക്കുകയും ചെയ്‌തു.

മാനസിക വിഷമത്തിന് ഇടയാക്കുന്ന കാരണങ്ങള്‍

 തങ്ങള്‍ കാരണം കുടുംബത്തിലും ബന്ധുക്കള്‍ക്കും കൊവിഡ് പടരുമോയെന്ന ആശങ്ക

 രോഗികളുമായി നേരിട്ട് ഇടപെടേണ്ടി വരുമ്ബോള്‍ രോഗികളുടെ കഷ്ടതയും മറ്റും സ്ഥിരമായി കാണുന്നത് മനസിനെ തളര്‍ത്തും.

 വളരെ വേഗത്തില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് മാനസിക സമ്മര്‍ദ്ദത്തിന് ഇടയാക്കും.

 ജോലി ഭാരവും സമയവും കൂടുന്നത് ആരോഗ്യ പ്രവ‌ര്‍ത്തകരെ തളര്‍ത്തും.

 രോഗത്തിന് കൃത്യമായ ചികിത്സാ സംവിധാനം ഇല്ലാത്തതും വലിയ മരണനിരക്കും മാനസിക ബുദ്ധിമുട്ടുകള്‍ കൂട്ടും.

 പകര്‍ച്ചവ്യാധികള്‍ കൈകാര്യം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരോട് സമൂഹം വച്ചു പുലര്‍ത്തുന്ന വേര്‍തിരിവ് മനസിനെ തളര്‍ത്താനുള്ള സാദ്ധ്യത കൂട്ടുന്നു.

മാനസിക സമ്മര്‍ദ്ദം കൂടാന്‍ സാദ്ധ്യതയുള്ളവര്‍

 തീവ്ര പരിചരണ വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍.

 കൂടെക്കൂടെ മരണങ്ങള്‍ കാണുകയും അവ കൈകാര്യം ചെയ്യുകയും ചെയ്യുന്നവര്‍.

 വ്യക്തിപരമായി മുമ്ബും മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിട്ടുള്ള ആരോഗ്യപ്രവ‌ര്‍ത്തകര്‍

 കുടുംബ-സാമൂഹിക പിന്തുണ കുറഞ്ഞവര്‍

മാനസിക സമ്മര്‍ദ്ദം നേരിടുന്നവരുടെ ലക്ഷണങ്ങള്‍

 വിഷാദം

 അമിതമായ ഉത്കണ്‌ഠ

 ഉറക്കക്കുറവ്

 വിശപ്പ് ഇല്ലായ്മ

 എപ്പോഴും ക്ഷീണം തോന്നുന്ന അവസ്ഥ

 മരണത്തെ കുറിച്ചുള്ള ചിന്തകള്‍.

 ഇനി ഒന്നിനും വയ്യെന്ന തുടര്‍ച്ചയായുള്ള തോന്നല്‍

മറികടക്കാന്‍ വി‌ദഗ്ദ്ധര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍

 ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയെ സംബന്ധിച്ച്‌ വ്യക്തമായ വിവരങ്ങള്‍ അവരുടെ കുടുംബത്തെ അറിയിക്കണം.

 വീട്ടില്‍ പോകാന്‍ കഴിയാത്തവര്‍ക്ക് അവരുടെ ബന്ധുക്കളോട് സംസാരിക്കാന്‍ മീഡിയ സംവിധാനം ആശുപത്രികളില്‍ സജ്ജീകരിക്കണം.

 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരസ്‌പരം സംസാരിക്കാനും വിനോദത്തിനുമുള്ള ഉപാധി ആശുപത്രികളില്‍ ഒരുക്കണം.

 റിലാക്‌സേഷന്‍ പരിശീലനങ്ങളായ ബ്രീത്തിംഗ്,​ പ്രോഗ്രസീവ് മസില്‍ റിലാക്‌സേഷന്‍,​ ഗൈഡ് ഇമേജറി തുടങ്ങിയവ പരിശീലിപ്പിക്കാനുള്ള സംവിധാനം ഒരുക്കണം. ഇതിന് മൊബൈല്‍ ആപ്പ് സേവനങ്ങള്‍ ലഭ്യമാണ്.

35,​000 പേരെ വിളിച്ചു,​ ഇനിയും വിളിക്കും

സംസ്ഥാനത്ത് കൊവിഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ ആരോഗ്യപ്രവര്‍ത്തകരെ തേടിയും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള ഫോണ്‍ കോളുകള്‍ എത്തുന്നുണ്ട്. ഇതിനുള്ള സംവിധാനം സംസ്ഥാന സര്‍ക്കാര്‍ ഒരുക്കി. ജില്ലാ അടിസ്ഥാനത്തില്‍ ഓരോ ആരോഗ്യ കേന്ദ്രങ്ങളിലെയും ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് ഫോണ്‍ വിളിക്കുന്നത്. സംസ്ഥാനമൊട്ടാകെ ഏകദേശം 35,​000 ആരോഗ്യപ്രവര്‍ത്തകരെ വിളിച്ച്‌ ക്ഷേമാന്വേഷണം നടത്തികഴിഞ്ഞു.

വിളിച്ചവരെയെല്ലാം വീണ്ടും വിളിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍‌പ്പാടാക്കിയിട്ടുണ്ട്. സ്‌ട്രെസ് റിലീഫ് ഫോമുകള്‍ ഓണ്‍ലൈനായി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കാനുള്ള സംവിധാനവും സര്‍ക്കാര്‍ തലത്തില്‍ ഒരുക്കിയിട്ടുണ്ട്. ഇന്‍സ്റ്റിറ്റ്യൂഷണല്‍ തലത്തിലും ഡിപ്പാര്‍ട്ട്മെന്റ് തലത്തിലും മോട്ടിവേഷന്‍ ക്ലാസുകള്‍ നടത്താനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്.

”ആരോഗ്യപ്രവര്‍ത്തകരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി ജൂനിയേഴ്സ് ഉള്‍പ്പെടെ ഇതുവരെ ഡ്യൂട്ടി നോക്കാത്ത എല്ലാവര്‍ക്കും ഡ്യൂട്ടി ഷിഫ്റ്റുകള്‍ തയ്യാറാക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ ഡ്യൂട്ടി ചെയ്യുന്നവരെ മാറ്റി താത്കാലിക വിശ്രമം ഒരുക്കും. നോണ്‍ കൊവിഡ് ഡ്യൂട്ടി നോക്കുന്നവര്‍ക്കും കൊവിഡ് ഡ്യൂട്ടി നല്‍കും.

ഡോ.അമര്‍ ഫെറ്റല്‍,

കൊവിഡ്,​ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍

”ആശുപത്രികളില്‍ ഒ.പിയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൂടുതല്‍ ആശങ്കയുള്ളത്. ദിവസവും നൂറ് മുതല്‍ നൂറ്റി അമ്ബത് വരെ രോഗികള്‍ ഓരോ ആശുപത്രികളിലും പനി കാരണം ഒ.പിയില്‍ ചികിത്സ തേടുന്നുണ്ട്,. ഇവരില്‍ ആര്‍ക്കാണ് കൊവിഡ് എന്ന ആശങ്കയാണ് ഒട്ടുമിക്ക ആരോഗ്യപ്രവര്‍ത്തകര്‍ക്കുമുള്ളത്. അതേസമയം കൊവിഡ് കേന്ദ്രങ്ങളില്‍ ഉള്ളവര്‍ കൊവിഡ് രോഗികളാണെന്ന കൃത്യമായ ബോധം ആരോഗ്യപ്രവര്‍ത്തകര്‍ക്കുണ്ട്. അവര്‍ക്ക് പി.പി.ഇ കിറ്റുമുണ്ട്. എന്നാല്‍ പി.പി.ഇ കിറ്റൊന്നും ധരിച്ച്‌ ഒ.പിയില്‍ ഇരിക്കാന്‍ പറ്റില്ല. ഒ.പിയിലെ ഡോക്‌ടര്‍മാര്‍ ദിവസവും വീട്ടില്‍ പോയി വരുന്നവരാണ്. ഇതെല്ലാം വലിയ ആശങ്കയാണ് അവര്‍ക്ക് സൃഷ്ടിക്കുന്നത്.’

ഡോ.കിരണ്‍ പി.എസ്

ഡിസ്‌ട്രിക്‌ട്‌ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം,​ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍

ആ പഠനം പറയുന്നത്

കൊവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാന്‍ നഗരത്തിലും അതിനു ചുറ്റുമുള്ള ആശുപത്രികളിലേയും ആരോഗ്യപ്രവര്‍ത്തകരുടെ ഇടയില്‍ നടത്തിയ ഒരു പഠനത്തിന്റെ ഫലങ്ങള്‍ കാണിക്കുന്നത് ആരോഗ്യപ്രവര്‍ത്തകര്‍ കടുത്ത മാനസിക സംഘര്‍ഷം നേരിടുന്നുവെന്നാണ്. 1257 ആരോഗ്യപ്രവര്‍ത്തകരുടെ ഇടയില്‍ നടത്തിയ പഠനത്തില്‍ ഏകദേശം 71 ശതമാനം ആളുകള്‍ ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്നാണ് കണ്ടെത്തിയത്. അതില്‍ 50 ശതമാനം ആളുകള്‍ വിഷാദ ലക്ഷണവും 44 ശതമാനം ആളുകള്‍ ഉത്‌കണ്‌ഠയും 34 ശതമാനം ആളുകള്‍ ഉറക്കക്കുറവും നേരിടുന്നവരാണ്. ഈ പഠനങ്ങള്‍ സംസ്ഥാനം സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു.