തിരുവനന്തപുരം: ജില്ലയില്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗികള്‍ ചികിത്സയില്‍ കഴിയുന്ന മെഡിക്കല്‍ കോളേജിലെ സ്ഥിതി അതീവ ഗുരുതരം. ജില്ലയില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജില്‍ പ്രതിസന്ധി രൂക്ഷമാവുകയാണ് . കഴിഞ്ഞ ആറ് ദിവസത്തിനിടെ 7 ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 18 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 150 ജീവനക്കാരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട് ഇതില്‍ 40 ഡോക്ടര്‍മാരും ഉള്‍പ്പെടും.

അതേസമയം ജീവനക്കാരില്ലാത്തതിനാല്‍ ആശുപത്രിയിലെ കൂടുതല്‍ വിഭാഗങ്ങള്‍ അടച്ചിടുമെന്നാണ് സൂചന. ജനറല്‍, ശസ്ത്രക്രിയ, അസ്ഥിരോഗ വിഭാഗങ്ങളില്‍ എത്തിയ ചില രോഗികള്‍ കൊറോണ പോസിറ്റീവ് ആയിരുന്നു. ഇവരെ ചികിത്സിച്ചവരും സമ്ബര്‍ക്കത്തിലായവരുമായ ജീവനക്കാര്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മതിയായ സുരക്ഷാ ഉറപ്പാക്കുന്നില്ലെന്ന് ആരോപിച്ച്‌ നഴ്‌സുമാരുടെ സംഘടന പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.എന്നാല്‍ ബദല്‍ സംവിധാനം ഒരുക്കുമെന്നും ഒ പിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.