ന്യൂസെസ് കൗണ്ടി: ടെക്‌സസ് കൗണ്ടിയില്‍ 1 വയസ്സിന് താഴെയുള്ള എണ്‍പത്തിയഞ്ച് കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്ഥിരീകരിച്ചതായി ന്യൂസെസ് കൗണ്ടി പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ അനറ്റ് റോഡ്രിസ് മാധ്യമങ്ങളെ അറിയിച്ചു. ടെക്‌സസ് സംസ്ഥാനത്തെ കോര്‍പ്പസ് ക്രിസ്റ്റി ഉള്‍പ്പെടുന്ന ന്യൂസെസ് കൗണ്ടിയില്‍ ആണ് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തിന് ശേഷം അമേരിക്കയില്‍ ഇത്തരമൊരു സംഭവം ആദ്യമാണ്. സംസ്ഥാനം ഏറ്റവും പുതിയ ഹോട്ട്സ്പോട്ടുകളിലൊന്നായി മാറുന്നതിനാല്‍ കോവിഡിന്റെ വ്യാപനം തടയാന്‍ സഹായിക്കണമെന്ന് അനറ്റ് റോഡ്രിസ് ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചു.

ഒന്നാം ജന്മദിനം ആഘോഷിക്കുന്നതിനു മുന്‍പ് ഇങ്ങനെയൊരു സാഹചര്യം അഭിമുഖീകരിക്കേണ്ടി വന്നതു വളരെ വേദനാജനകമാണെന്നും രോഗം കൂടുതല്‍ വ്യാപിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഹെല്‍ത്ത് ഡയറക്ടര്‍ അഭ്യര്‍ഥിച്ചു. കുട്ടികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനു ഡയറക്ടര്‍ വിസമ്മതിച്ചു.

17 വയസും അതില്‍ താഴെയുള്ള കുട്ടികളിലും 175,374 കേസുകള്‍ സ്ഥിരീകരിച്ചതായി സിഡിസി പറയുന്നു. ഇതില്‍ 228 പേര്‍ മരിച്ചു. രോഗം ബാധിച്ചിട്ടും സ്ഥിരീകരിക്കാത്തതുമായ കുട്ടികളുടെ എണ്ണം തീര്‍ച്ചയായും അതിനേക്കാള്‍ വളരെ കൂടുതലായിരിക്കുമെന്നും കാരണം രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ പരിശോധന നടത്താന്‍ സാധ്യത കുറവാണെന്നും വിദഗ്ദ്ധര്‍ പറയുന്നു.

കോവിഡ് 19 അതിവേഗം വ്യാപിക്കുന്ന ടെക്‌സസ് കൗണ്ടിയില്‍ ഒന്നാം സ്ഥാനത്താണ് ന്യൂസെസ് കൗണ്ടിയെന്നും അനറ്റ് പറഞ്ഞു. കൗണ്ടിയില്‍ ഇതുവരെ കോവിഡ് മൂലം 75 പേര്‍ മരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 12 പേര്‍ മരിച്ചതായും ഡയറക്ടര്‍ അറിയിച്ചു. അതേസമയം, വെള്ളിയാഴ്ച ടെക്‌സസില്‍ 174 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി സ്റ്റേറ്റ് ഹെല്‍ത്ത് സര്‍വീസും അറിയിച്ചു. കോര്‍പ്പസ് ക്രിസ്റ്റിയില്‍ 8,100 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 82 പേര്‍ മരിക്കുകയും ചെയ്തു. മറ്റ് ടെക്‌സസ് കൗണ്ടികളായ കാമറൂണ്‍, ഹിഡാല്‍ഗോ എന്നിവിടങ്ങളില്‍ സ്ഥിതി വളരെ മോശമാണ്, മോര്‍ഗുകള്‍ നിറയുമ്ബോള്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ ശീതീകരിച്ച ട്രക്കുകളില്‍ ആണ് മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നത്.