ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് മറുപടിയുമായി വിമത എംഎല്‍എ വിശ്വേന്ദ്ര സിംഗ്. സച്ചിന്‍ പൈലറ്റിനെ കഴിഞ്ഞ ദിവസം അശോക് ഗെഹ്ലോട്ട് പരിഹസിച്ചിരുന്നു. ഈ പരിഹാസത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ് വിശ്വേന്ദ്ര സിംഗ്.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും സുന്ദരനായിരുന്നു. അദ്ദേഹവും മികച്ച രീതിയില്‍ ഇംഗ്ലീഷ് സംസാരിച്ചിരുന്നു എന്നാണ് വീരേന്ദ്ര സിംഗ് ട്വീറ്റ് ചെയ്തിരിക്കുന്നത്. സച്ചിന്‍ പൈലറ്റിനെ ഈ ട്വീറ്റില്‍ വീരേന്ദ്ര സിംഗ് ടാഗ് ചെയ്തിട്ടുമുണ്ട്. വിമത ക്യാംപിലെ എംഎല്‍എ ആയ വീരേന്ദ്ര സിംഗിനെ രാജസ്ഥാന്‍ മന്ത്രിസഭയില്‍ നിന്നും ഗെഹ്ലോട്ട് നീക്കം ചെയ്തിരുന്നു.

നല്ല ഇംഗ്ലീഷ് സംസാരിക്കുന്നു എന്നത് കൊണ്ടോ സുന്ദരനാണ് എന്നത് കൊണ് എല്ലാം തികയില്ല എന്നാണ് കഴിഞ്ഞ ദിവസം അശോക് ഗെഹ്ലോട്ട് പറഞ്ഞത്. സച്ചിന്‍ പൈലറ്റിന്റെ പേര് പറയാതെ ആയിരുന്നു ഗെഹ്ലോട്ടിന്റെ പരാമര്‍ശം. രാജ്യത്തിന് വേണ്ടി നിങ്ങളുടെ മനസ്സില്‍ എന്താണ് ഉളളത് എന്നതും നിങ്ങളുടെ പ്രത്യയശാസ്ത്രവും നിലപാടുകളും ആത്മാര്‍ത്ഥതയും അടക്കം നിരവധി മറ്റ് കാര്യങ്ങളുണ്ട് എന്നും ഗെഹ്ലോട്ട് പറഞ്ഞു. വലിയ അധ്വാനമൊന്നും കൂടാതെയാണ് ഇന്നത്തെ തലമുറയിലെ നേതാക്കള്‍ കേന്ദ്രമന്ത്രിമാരാകുന്നതും സംസ്ഥാന അധ്യക്ഷന്മാരാകുന്നതും എന്നും ഗെഹ്ലോട്ട് പറഞ്ഞിരുന്നു.

ജൂലൈ 14നാണ് സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് നീക്കിയത്. 18 വിമത എംഎല്‍എമാരാണ് സച്ചിന്‍ പൈലറ്റിനൊപ്പമുളളത്. പൈലറ്റ് ക്യാംപിലുളള രണ്ട് മന്ത്രിമാരേയും പുറത്താക്കി. രണ്ട് എംഎല്‍എമാരെ കുതിരക്കച്ചവട ആരോപണം ഉന്നയിച്ചും കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. എംഎല്‍എമാരെ അയോഗ്യരാക്കാനുളള കോണ്‍ഗ്രസ് നീക്കത്തിനെതിരെ വിമത എംഎല്‍എമാര്‍ രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.