കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ കോടതി റിമാന്‍ഡ് ചെയ്ത പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരേയും കൊവിഡ് കെയര്‍ സെന്‍ററുകളിലേക്ക് മാറ്റി. സ്വപ്നയെ തൃശൂരിലെ അമ്ബിളിക്കല ഹോസ്റ്റലിലേക്കും സന്ദീപ് നായരെ അങ്കമാലി കറുകുറ്റിയിലെ കൊവിഡ് കെയര്‍ സെന്‍ററിലേക്കുമാണ് മാറ്റിയത്. ഇവരുടെ കൊവിഡ് പരിശോധന ഫലം നാളെ ലഭിക്കുമെന്നാണ് വിവരം.

പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ എന്‍.ഐ.എ നാളെ കോടതിയില്‍ സമര്‍പ്പിച്ചേക്കും. കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയാല്‍ ഇരുവരെയും കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വിടാനാണ് സാധ്യത. പത്ത് ദിവസത്തെ കസ്റ്റഡി എന്‍.ഐ.എ ആവശ്യപ്പെടുമെന്നാണ് വിവരം.

ഇന്ന് വൈകീട്ടോടെ കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതിയില്‍ ജഡ്ജ് പി. കൃഷ്ണകുമാറിന് മുമ്ബാകെയാണ് പ്രതികളെ ഹാജരാക്കിയത്. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ എന്‍ ഐ എ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും കോടതി അനുവദിച്ചില്ല. കൊവിഡ് റിസള്‍ട്ട്‌ നെഗറ്റീവ് ആണെങ്കില്‍ അടുത്ത ദിവസം പ്രതികളെ ഹാജരാക്കാന്‍ കോടതി നിര്‍ദേശം. കസ്റ്റഡി അപേക്ഷ അപ്പോള്‍ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് ഇരുവരെയും റിമാന്‍ഡ് ചെയ്യുകയായിരുന്നു.