കൊവിഡ്-19 രോഗബാധയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ചൈനയ്ക്ക് നേരത്തെ ലഭിച്ചിരുന്നെന്ന് ഹോങ്കോങിലെ ഗവേഷക. ലി മെങ് യാന്‍ എന്ന വൈറോളജിസ്റ്റാണ് ചൈനയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഹോങ് കോങില്‍ നിന്നും യു.എസിലേക്ക് മാറിയ ലി മെങ് യാന്‍ ഹോങ്കോങ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ സ്‌പെഷലൈസ് ചെയ്ത് ഗവേഷണം നടത്തുകയായിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തില്‍ ഇവര്‍ ഹോങ്കോങില്‍ നിന്നും യു.എസിലേക്ക് മാറുകയായിരുന്നു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇവരുടെ ആരോപണം.

കൊവിഡ് വ്യാപനം തുടങ്ങിയ ഘട്ടത്തില്‍ തന്നെ താന്‍ നടത്തിയ ഗവേഷണം ഇവരുടെ സുപീരിയേര്‍സ് കാര്യമായെടുത്തില്ലെന്നും യാന്‍ പറയുന്നു.

ചൈനയില്‍ നിന്നും വരുന്ന സാര്‍സ് പോലെയുള്ള വൈറസ് രോഗത്തെ പറ്റിയുള്ള പഠനം നടത്താനായി തന്നെ സൂപ്പര്‍വൈസര്‍ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ചൈനയ്ക്ക് പുറത്തു നിന്നുള്ള വിദഗ്ധരെ ചൈനയില്‍ ഗവേഷണം നടത്താന്‍ സര്‍ക്കാര്‍ അനുവദിച്ചില്ല. തന്റെ സുഹൃത്തുക്കള്‍ വഴിയാണ് ഇവര്‍ വിവരങ്ങള്‍ ശേഖരിച്ചത്. ചൈനയില്‍ ജനിച്ചു വളര്‍ന്ന യാന്‍ ഇവിടത്തെ മെഡിക്കല്‍ പ്രവര്‍ത്തകരില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു.

ചൈനയിലെ സെന്റര്‍ ഫേര്‍ ഡിസീസ് കണ്‍ട്രോളില്‍ ജോലി ചെയ്തിരുന്ന ഒരു ശാസ്ത്രജ്ഞനായ സുഹൃത്താണ് ഇവര്‍ ചൈന കൊവിഡ് മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പടരാന്‍ സാധ്യതയുണ്ടെന്ന് അറിയിച്ചതിനു മുമ്ബേ ഇത്തരത്തില്‍ വ്യാപനം നടന്നതായി അറിയിച്ചത്.
ഇത് തന്റെ ചീഫിനെ അറിയിച്ചിരുന്നെന്നും പഠനം തുടരാനാണ് നിര്‍ദ്ദേശിച്ചതെന്നും യാന്‍ പറഞ്ഞു.

കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ താനും സഹപ്രവര്‍ത്തകരും ഈ വൈറസിനെ പറ്റി ചര്‍ച്ച ചെയ്യുമായിരുന്നെന്നും എന്നാല്‍ പിന്നീട് ചൈനയില്‍ നിന്നുള്ള സഹപ്രവര്‍ത്തകര്‍ ഇതില്‍ നിന്നും മാറി നിന്നെന്നും കൊവിഡിനെ പറ്റി സംസാരിക്കാതായെന്നും യാന്‍ പറയുന്നു.

തനിക്കെതിരെ ചൈനീസ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും തന്റെ പേര് മോശമാക്കാനുള്ള ശ്രമങ്ങളും സൈബര്‍ ആക്രമണവും നടക്കുന്നുണ്ടെന്നും യാന്‍ പറയുന്നു.

ഏപ്രില്‍ 28 നാണ് യാന്‍ യു.എസിലേക്ക് പറന്നത്. തനിക്ക് തിരിച്ചു പോവാനാവില്ലെന്ന് ഭയപ്പെടുന്നതായി യാന്‍ ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. കൊവിഡിനെക്കുറിച്ചുള്ള സത്യം അറിയിക്കാന്‍ വേണ്ടിയാണ് താന്‍ യു.എസിലെത്തിയതെന്നും ഇവര്‍ പറയുന്നു. താന്‍ യു.എസില്‍ എവിടെയാണുള്ളതെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടില്ല.