ന്യൂജേഴ്സി : ജൂലായ് 7ന് ന്യൂജേഴ്സി സംസ്ഥാനത്തു നടന്ന പ്രൈമറി തിരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ പ്രൈമറിയില്‍ അവസാനം വരെ ഇഞ്ചോടിഞ്ചു പോരാട്ടം നടത്തി ഇന്ത്യന്‍ വംശജനും ഫാര്‍മസിസ്റ്റുമായ റിക്ക് മേത്ത വിജയിച്ചു. റിക്ക് മേത്ത പരാജയപ്പെടുത്തിയത് മറ്റൊരു ശക്തനായ ഇന്ത്യന്‍ വംശജന്‍ ഹിര്‍ഷ സിംഗിനെയാണ്. 2017 -ല്‍ ന്യൂജേഴ്സി ഗവര്‍ണര്‍ സ്ഥാനത്തേക്ക് മല്‍സരിച്ചു പരാജയപ്പെട്ട സ്ഥാനാര്‍ത്ഥിയാണ് സിംഗ്.

നവംബറില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ നിലവിലുള്ള ഡമോക്രാറ്റിക്ക് സെനറ്റര്‍ കോറി ബുക്കറെയാണ് റിക്ക് മേത്ത നേരിടുക. ജൂലായ് 7ന് നടന്ന പ്രൈമറിയുടെ പോസ്റ്റല്‍ വോട്ട് എണ്ണി പൂര്‍ത്തിയാക്കി ജൂലായ് 10നാണ് ഫലം പ്രഖ്യാപിച്ചത്.

കോറി ബുക്കര്‍ വന്‍ ഭൂരിപക്ഷത്തോടെ ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായി വിജയിച്ചിരുന്നു. പോള്‍ ചെയ്ത വോട്ടിന്റെ 89.4 ശതമാനം ( 366 105) കോറി നേടിയപ്പോള്‍ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി ലോറന്‍സ് ഹാമിന്‌ 10.6 ശതമാനം (43195) ലഭിച്ചു .

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളായ റിക് മേത്ത പോള്‍ ചെയ്ത വോട്ടുകളില്‍ 87736(39.2%) നേടിയപ്പോള്‍ ഹിര്‍ഷ് സിംഗിന് 75 402 (34.5 %) വോട്ടുകള്‍ ലഭിച്ചു. അവസാന നിമിഷം വരെ ഉദ്യേഗം നിലനിര്‍ത്തിയ വോട്ടെണ്ണലില്‍ ഭാഗ്യം തുണച്ചത് മേത്തയെ ആയിരുന്നു.

ഹെല്‍ത്ത് കെയര്‍ പോളിസിയില്‍ വിദഗ്ധനായ റിക്ക് ഫാര്‍മസിസ്റ്റ് മാത്രമല്ല പ്രഗല്‍ഭനായ ഒരു അറ്റോര്‍ണി കൂടിയാണ്. ന്യൂജേഴ്സി ഡെമോക്രാറ്റിനെ പിന്തുണയ്ക്കുന്ന സംസ്ഥാനമാണെങ്കിലും തുടര്‍ച്ചയായി യു.എസ്.സെനറ്റിനെ പ്രതിനിധീകരിക്കുന്ന കോറി ബുക്കറെ മാറ്റി റിക്കിന് ഒരു അവസരം നല്‍കും എന്നാണ് പ്രതീക്ഷ. റിക്കിനു വേണ്ടി ഇന്ത്യന്‍ സമൂഹവും സജീവമായി രംഗത്തുണ്ട്.