തിരുവനന്തപുരം: തിരുവനന്തപുരത്ത് ഏറെ ആശങ്ക സൃഷ്ടിച്ച്‌ കൊണ്ടാണ് വെള്ളിയാഴ്ച സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നൂറ് കടന്നത്. എന്നാല്‍ ശനിയാഴ്ച 57 പേര്‍ക്ക് മാത്രം സമ്പര്‍ക്കത്തിലൂടെ കോവിഡ് പകര്‍ന്നതെന്നത് നേരിയ ആശ്വാസം നല്‍കുന്നുണ്ട്. പുതിയതായി റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും ജില്ലയില്‍ ആശങ്ക വിട്ടൊഴിയുന്നില്ല.

ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ക്ക് എവിടെ നിന്ന് രോഗം പകര്‍ന്നുവെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പൂന്തുറയില്‍ നിന്നാണ് കൂടുതല്‍ സമ്ബര്‍ക്ക രോഗികള്‍. പൂന്തുറ, മാണിക്യ വിളാകം അടക്കമുള്ള പ്രദേശങ്ങള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്‍്റ് സോണുകളായതിനാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്. തിങ്കളാഴ്ച മുതല്‍ നഗരത്തിലെ മറ്റ് പ്രദേശങ്ങളില്‍ ഇളവുകള്‍ നിലവില്‍ വരുമെങ്കിലും രോഗ വ്യാപനം തീവ്രമായ സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ തുടരും.

നഗരത്തില്‍ തിങ്കളാഴ്ച മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിന് പകരം ലോക്ക് ഡൗണായിരിക്കും നിലവിലുണ്ടാവുക. ഇതിന്‍്റെ ഭാഗമായുള്ള ഇളവുകളും ലഭ്യമാകും. അതേസമയം ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും നഗരത്തിലെ പ്രധാന ഇടങ്ങള്‍കേന്ദ്രീകരിച്ച്‌ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനുള്ള പൊലീസ് പരിശോധനയും ശക്തമായി തുടരും.