കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പ്രളയത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ട് വകമാറ്റി മമതയുടെ കീഴിലുള്ള ഉദ്യോഗസ്ഥര്‍. 200 പേരാണ് ഫണ്ട് സ്വന്തം പേരിലേക്ക് വകമാറ്റിയിരിക്കുന്നത്. പഞ്ചായത്ത് തലത്തിലെ ഉദ്യോഗസ്ഥരാണ് ഗ്രാമീണ മേഖലകളിലെ നാശനഷ്ടങ്ങള്‍ക്കായി വിതരണം ചെയ്യേണ്ട ഫണ്ട് വകമാറ്റിയത്. കിഴക്കന്‍ മിഡ്‌നാപ്പൂര്‍ ജില്ലയിലെ നന്ദിഗ്രാം മേഖലയിലാണ് വ്യാപകമായ പ്രളയ ഫണ്ട് തട്ടിപ്പ് നടന്നിരിക്കുന്നത്.

6800 കോടിരൂപയാണ് ഉംപൂണ്‍ ചുഴലിക്കാറ്റിലെ ദുരിതാശ്വാസത്തിനായി കേന്ദ്രസര്‍ക്കറില്‍ നിന്നും ലഭിച്ചത്. പ്രളയത്തിലും കാറ്റിലും വീടുകള്‍ തകര്‍ന്നവര്‍ക്കായി നല്‍കേണ്ട തുകയാണ് 200 ഉദ്യോഗസ്ഥര്‍ പലപേരുകളിലായി എഴുതി എടുത്തത്. വീടുകള്‍ക്ക് ഒരു കേടും പറ്റാത്തവര്‍ക്കും തുക നല്‍കിയതായി വ്യാപകമായ ആരോപണമാണ് ഉയര്‍ന്നത്. മമതയുടെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തകര്‍ പറയുന്നവര്‍ക്ക് മാത്രമാണ് ഭൂരിഭാഗം സ്ഥലത്തും സഹായധനം നല്‍കിയിതെന്ന എന്ന പരാതി പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുകയാണ്.

പരാതികള്‍ വ്യാപകമായപ്പോള്‍ 50 പേര്‍ തുക മടക്കി ഏല്‍പ്പിച്ചതായും വാര്‍ത്തയുണ്ട്. ഇതിനിടെ പ്രളയ ഫണ്ട് തട്ടിപ്പിനെക്കുറിച്ച്‌ അന്വേഷണം നടത്തിയാണ് 200 പേരെ കണ്ടെത്തിയതെന്ന അവകാശവാദവുമായി മമതാ ബാനര്‍ജി രംഗത്തെത്തി. സി.പി.എം ഭരണത്തിന്റെ അന്ത്യംകുറിച്ച നന്ദിഗ്രാം മേഖലയില്‍ത്തന്നെ വ്യാപകമായ അഴിമതി നടന്നതിന്‍രെ ക്ഷീണത്തിലാണ് മമതാ ബാനര്‍ജി.