കൊച്ചി > മാസ്ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയും നഗരത്തില്‍ കറങ്ങി നടന്നാല്‍ പൊലീസിന്റെ പിടിവീഴും. കൊച്ചി നഗരത്തിലെ ഒമ്ബത് കണ്ടെയ്ന്‍മെന്റ് സോണുകളിലായി 400 പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്.

കോവിഡ് വ്യാപനം തടയാന്‍ കര്‍ശന നടപടികളുമായാണ് പൊലീസും ആരോഗ്യവകുപ്പും തിങ്കളാഴ്ച രംഗത്തിറങ്ങിയത്. രാവിലെ ആറിന് എസിപി കെ ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കടവന്ത്ര, കലൂര്‍ എന്നിവിടങ്ങളിലെ ലേബര്‍ മാര്‍ക്കറ്റുകളില്‍ പരിശോധന നടത്തി. സാമൂഹ്യ അകലം പാലിക്കാത്തവരെ പറഞ്ഞയച്ചു. മാസ്ക് ധരിക്കാതെ നടന്ന 150 പേര്‍ക്കെതിരെ കേസെടുത്തു. കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന് 50 കേസുമെടുത്തു. കലൂര്‍ മാര്‍ക്കറ്റിലെയും ബസ് സ്റ്റാന്‍ഡിലെയും മൂന്ന് കടകള്‍ അടപ്പിച്ചു. ബസ് സ്റ്റാന്‍ഡുകളിലും സ്റ്റോപ്പുകളിലും സാമൂഹ്യ അകലം പാലിക്കാനുള്ള അറിയിപ്പുകള്‍ എഴുതി. ബസുകളിലെ യാത്രക്കാരുടെ എണ്ണവും പരിശോധിച്ചു.

മാസ്ക് ധരിക്കാത്തവര്‍ക്കെതിരെയും ആവശ്യമില്ലാതെ കറങ്ങി നടക്കുന്നവര്‍ക്കെതിരെയും കേസെടുക്കുമെന്ന് കെ ലാല്‍ജി പറഞ്ഞു. കോവിഡ് വ്യാപനം തടയാന്‍ സാമൂഹ്യ അകലം പാലിക്കണം. കണ്ടെയ്ന്‍മെന്റ് സോണിലുള്ള അത്യാവശ്യക്കാരല്ലാത്തവരെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും കെ ലാല്‍ജി പറഞ്ഞു