പാരീസ്: ലിബിയയില്‍ വിമത ഭീകരത വളര്‍ത്തുന്ന തുര്‍ക്കിയുടെ നടപടിക്കെതിരെ നിലപാട് കടുപ്പിച്ച്‌ ഇമ്മാനുവല്‍ മാക്രോണ്‍. തുര്‍ക്കിയുടെ നീക്കത്തെ ക്രിമിനല്‍ നടപടിയെന്നാണ് ഫ്രാന്‍സ് വിശേഷിപ്പിച്ചത്. ഇതിനിടെ ലിബിയയില്‍ ഫ്രാന്‍സിന്റെ അധീനതയിലുള്ള എണ്ണ ക്കിണര്‍ മേഖലയില്‍ റഷ്യയുടെ കടന്നുകയറ്റത്തേയും മാക്രോണ്‍ വിമര്‍ശിച്ചു.

തുര്‍ക്കി ലിബിയയിലേക്ക് ഭീകരരെ ഇറക്കുന്നത് സിറിയയുടെ ശക്തമായ പിന്തുണയോടെയാണ്. വിമാനങ്ങള്‍, ആയുധങ്ങള്‍, മറ്റ് അനുബന്ധ സൈനിക സഹായങ്ങളടക്കം സിറിയയില്‍ നിന്നും തുര്‍ക്കി ഉപയോഗിക്കുകയാണെന്നും ഫ്രാന്‍സ് പ്രസിഡന്റ് പറഞ്ഞു. നാറ്റോയുടെ അംഗമായ തുര്‍ക്കി ലിബിയയില്‍ നടത്തുന്ന ഭീകരാക്രമണങ്ങളെ ക്രിമിനല്‍ നടപടിയെന്നാണ് മാക്രോണ്‍ വിമര്‍ശിച്ചിരിക്കുകയാണ്.
ഇതിനിടെ ഫ്രാന്‍സ് പുരാതന കോളനി ഭരണം ലിബിയയില്‍ നടപ്പാക്കാനുളള ശ്രമത്തിലാണെന്ന ആരോപണവുമായി തുര്‍ക്കി രംഗത്തെത്തിയിരിക്കുകയാണ്. തുര്‍ക്കിയുടെ വിദേശ കാര്യ വക്താവ് ഹാമി അസോയിയാണ് വിമര്‍ശനം ഉന്നയിച്ചത്. ഫ്രാന്‍സ് ആ നാടിന് ഏല്‍പ്പിച്ച ആഘാതം ഇതുവരെ അവിടത്തെ ജനത മറന്നിട്ടില്ലെന്നും തുര്‍ക്കി പറഞ്ഞു.

വിഷയത്തില്‍ രാഷ്ട്രീയപരമായ ഒരു പരിഹാരമാണ് ആവശ്യം എന്നതില്‍ ഫ്രാന്‍സ് ഉറച്ചുനില്‍ക്കുന്നതായി മാക്രോണ്‍ വ്യക്തമാക്കി. മെഡിറ്ററേനിയന്‍ കടലില്‍ തുര്‍ക്കിയുടെ യുദ്ധക്കപ്പലുകള്‍ ഫ്രാന്‍സിന്റെ നാവികസേനയുമായി കഴിഞ്ഞ 10-ാം തീയതി നേര്‍ക്കുനേര്‍ വന്നതി നേയും ഫ്രാന്‍സ് വിമര്‍ശിച്ചു. എന്നാല്‍ തുര്‍ക്കി അത്തരം നീക്കം നിഷേധിച്ചിരിക്കുകയാണ്.