എസ്‌എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ കെ മഹേശനെതിരെ ആരോപണവുമായി തുഷാര്‍ വെള്ളാപ്പള്ളി. കാണാതായ പതിനഞ്ച് കോടിയുടെ ഉത്തരവാദി മഹേശനാണെന്ന് തുഷാര്‍ ആരോപിച്ചു. മരണക്കുറിപ്പിലൂടെ ജനറല്‍ സെക്രട്ടറിയെ കുടുക്കാന്‍ ശ്രമിച്ചു. പിടിക്കപ്പെടുമെന്ന് ബോധ്യമായപ്പോഴാണ് മഹേശന്‍ ആത്മഹത്യ ചെയ്തതെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

കണിച്ചുകുളങ്ങര, ചേര്‍ത്തല യൂണിയനുകളില്‍ സാമ്ബത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. ഒരു കോടി മൂന്നരലക്ഷം രൂപ 23 വ്യാജ ഗ്രൂപ്പുകള്‍ ഉണ്ടാക്കി തട്ടാന്‍ ശ്രമിച്ചു. ആകെ 15 കോടി രൂപയുടെ തട്ടിപ്പ് നടത്തി. ഭീഷണിപ്പെടുത്തി സാമ്ബത്തിക ക്രമക്കേടില്‍ നിന്നൊഴിയാനാണ് മഹേശന്‍ ആദ്യം ശ്രമിച്ചതെന്നും തുഷാര്‍ വെള്ളാപ്പള്ളി ആരോപിച്ചു.
അതിനിടെ കെ കെ മഹേശന്റെ ആത്മഹത്യാ കുറിപ്പ് പുറത്തുവന്നു. മഹേശന്‍ തൂങ്ങി മരിച്ച യൂണിയന്‍ ഓഫീസ് മുറിയിലെ ഭിത്തിയില്‍ ഒട്ടിച്ചിരുന്ന കുറിപ്പാണ് പുറത്തുവന്നത്. വെള്ളാപ്പള്ളി നടേശനും അശോകനുമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന യൂണിയന്‍ നേതാക്കന്മാര്‍ക്ക് വേണ്ടി ഹോമിക്കുന്നു എന്ന് കുറിപ്പിലുണ്ട്.

മഹേശന്റെ ആത്മഹത്യയില്‍ പൊലീസ് അന്വേഷണത്തിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. മഹേശന്റെ സാമ്ബത്തിക ഇടപാടുകള്‍ അന്വേഷിക്കാനാണ് പൊലീസിന് വ്യഗ്രതയെന്ന് കുടുംബം ആരോപിച്ചിരുന്നു. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്കെതിരേയും കുടുംബം ആരോപണം ഉന്നയിച്ചു. മഹേശനെ കേസില്‍ കുടുക്കാന്‍ ടോമിന്‍ തച്ചങ്കരി ശ്രമിച്ചെന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞത്.