കേന്ദ്രസര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് കെസി വേണുഗോപാല്‍. സുപ്രീം കോടതി വിധിക്കെതിരെ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് വിഷയത്തില്‍ കോണ്‍ഗ്രസ് ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

‘ഉദ്യോഗസ്ഥരുടെ നിയമനവുമായി ബന്ധപ്പെട്ട് ഡല്‍ഹി എന്‍സിടി സര്‍ക്കാരിന്റെ അധികാരത്തെക്കുറിച്ചുള്ള സുപ്രീംകോടതി  വിധിക്കെതിരെ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒരു തീരുമാനവും എടുത്തിട്ടില്ല. ഇക്കാര്യത്തില്‍ അതിന്റെ സംസ്ഥാന ഘടകങ്ങളുമായും സമാന ചിന്താഗതിക്കാരായ മറ്റ് കക്ഷികളുമായും ആലോചിക്കും’ കെസി വേണുഗോപാല്‍ ട്വീറ്റില്‍ പറഞ്ഞു.

പാര്‍ട്ടി നിയമവാഴ്ചയില്‍ വിശ്വസിക്കുന്നു, അതേ സമയം തന്നെ, അനാവശ്യമായ ഏറ്റുമുട്ടലുകള്‍, രാഷ്ട്രീയ എതിരാളികള്‍ക്കെതിരെയുളള നുണ പചാരണങ്ങള്‍ എന്നിവയെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ തലസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളും നിയമനങ്ങളും സംബന്ധിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍  ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയുമായി രംഗത്തെത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനിടയിലാണ് നേതാവിന്റെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.

ഇന്നലെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മുഖ്യമന്ത്രി കെജ്‌രിവാളിന് പിന്തുണ അറിയിച്ചിരുന്നു. ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.’തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് നല്‍കുന്ന അധികാരങ്ങള്‍ എങ്ങനെ എടുത്തുകളയാനാകും? ഇത് ഭരണഘടനാ വിരുദ്ധമാണ്. ഞങ്ങള്‍ അരവിന്ദ് കെജ്‌രിവാളിനൊപ്പം നില്‍ക്കുന്നു. രാജ്യത്തെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഒരുമിച്ച് കൊണ്ടുവരാന്‍ ഞങ്ങള്‍ ശ്രമിക്കും’ ബിഹാര്‍ മുഖ്യമന്ത്രി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. 

ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരും ഡല്‍ഹി സര്‍ക്കാരും തമ്മില്‍ രാഷ്ട്രീയ പോര് രൂക്ഷമാകുന്നതിനിടെ മെയ് 31 ന് മുമ്പ് പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ, കേന്ദ്ര സര്‍ക്കാരിന്റെ  ഓര്‍ഡിനന്‍സിനെതിരെ ജൂണ്‍ 11 ന് മഹാറാലി സംഘടിപ്പിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി ഇന്നലെ അറിയിച്ചു. 

സ്ഥലംമാറ്റം വിജിലന്‍സ്, മറ്റ് ആകസ്മികമായ കാര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ശുപാര്‍ശകള്‍ നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ നാഷണല്‍ ക്യാപിറ്റല്‍ സര്‍വീസ് അതോറിറ്റി സ്ഥാപിച്ച്  ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. ഇതോടെയാണ് ഡല്‍ഹി സര്‍ക്കാരും കേന്ദ്രവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായത്. സേവനങ്ങളുടെ കാര്യത്തില്‍ ഡല്‍ഹി സര്‍ക്കാറിന്റെ എക്‌സിക്യൂട്ടീവ് അധികാരം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിന് ദിവസങ്ങള്‍ക്ക് ശേഷമാണ്  കേന്ദ്ര സര്‍ക്കാര്‍ സ്ഥിരം ബോഡി രൂപീകരിക്കുന്നത്.

മെയ് 11 ന് സുപ്രീം കോടതി പുറപ്പെടുവിച്ച സുപ്രധാന വിധിയില്‍ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും നിയമനവും ഉള്‍പ്പെടെയുള്ള സേവന കാര്യങ്ങളില്‍ ഡല്‍ഹി സര്‍ക്കാരിന് എക്‌സിക്യൂട്ടീവ് അധികാരം നല്‍കിയിരുന്നു. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഉടനെ നടപടി ആവശ്യമുണ്ടോ എന്നതിന്റെ അടിസ്ഥാനത്തില്‍ ഓര്‍ഡിനന്‍സ് കോടതിയില്‍ വെല്ലുവിളിക്കാവുന്നതാണ്. ഓര്‍ഡിനന്‍സിനെ ചോദ്യം ചെയ്ത് ഡല്‍ഹി സര്‍ക്കാര്‍ വീണ്ടും സുപ്രീം കോടതിയില്‍ പോയാല്‍, ഓര്‍ഡിനന്‍സ് ഇറക്കിയതിന്റെ കാര്യകാരണങ്ങള്‍ കേന്ദ്രത്തിന് തെളിയിക്കേണ്ടി വരും.