കിയവ്: യുദ്ധത്തിൽ റഷ്യയെ നേരിടാൻ പ്രതിരോധ സംവിധാനങ്ങൾക്കു പുറമെ യുദ്ധവിമാനങ്ങൾകൂടി വേണമെന്ന യുക്രെയ്ൻ ആവശ്യത്തോട് പടിഞ്ഞാറൻ രാജ്യങ്ങൾക്ക് സമ്മിശ്ര പ്രതികരണം. എഫ്-16 യുദ്ധവിമാനങ്ങൾ യുക്രെയ്ന് കൈമാറില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി.

യുദ്ധവിമാനം കൊടുക്കൽ പ്രായോഗികമല്ലെന്ന നിലപാടിലാണ് ബ്രിട്ടനും. എന്നാൽ, യുക്രെയ്നുള്ള സഹായത്തിൽ ഏതെങ്കിലും ഒരു സംഗതി പാടില്ല എന്ന നിബന്ധനയില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. യുക്രെയ്ൻ പ്രതിരോധ മന്ത്രി ഒലെക്സി റെസ്നികോവ് ചർച്ചകൾക്കായി പാരിസിലുണ്ട്. യുക്രെയ്ന് യുദ്ധവിമാനം നൽകുന്നത് യുദ്ധമേഖലയിൽ കൂടുതൽ ആയുധപ്രയോഗത്തിന് വഴിയൊരുക്കുമെന്ന ആശങ്കയാണ് അമേരിക്കക്കും സഖ്യരാജ്യങ്ങൾക്കുമുള്ളത്.

പ്രതിരോധത്തിനായി തങ്ങൾക്ക് 200ഓളം യുദ്ധവിമാനങ്ങൾ വേണമെന്ന് കഴിഞ്ഞ ദിവസം യുക്രെയ്ൻ വ്യോമസേന വക്താവ് പറഞ്ഞിരുന്നു. നിലവിൽ സോവിയറ്റ് കാലത്തെ മിഗ് ഇനത്തിൽപെട്ട യുദ്ധവിമാനങ്ങളാണ് യുക്രെയ്ന്റെ പക്കലുള്ളത്. ഇതാകട്ടെ, റഷ്യയുടെ വിമാനങ്ങളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ എത്രയോ കുറവുമാണ്. യു.എസ് നിർമിത എഫ് -16 യുദ്ധവിമാനങ്ങൾ കൂടുതൽ കരുത്തുള്ളവയാണ്. ഇതു വേണമെന്നാണ് യുക്രെയ്ൻ ആവശ്യം.

യുദ്ധവിമാനങ്ങൾ കിയവിലേക്ക് അയക്കുന്നത് സഖ്യരാജ്യമായ പോളണ്ട് തള്ളിയിട്ടില്ല. എന്നാൽ, ഇതിൽ ‘നാറ്റോ’ രാജ്യങ്ങളുമായി ചേർന്നുള്ള തീരുമാനമാകും ഉണ്ടാവുകയെന്ന് പോളിഷ് അധികൃതർ വ്യക്തമാക്കി. കിയവിന് ടാങ്കുകൾ നൽകുമെന്ന് കഴിഞ്ഞയാഴ്ച അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ഇതേ കാര്യം ബ്രിട്ടനും ജർമനിയും അറിയിച്ചിരുന്നു.