ഡയാന രാജകുമാരിയുടെ പര്‍പ്പിള്‍ ഗൗണ്‍ ലേലത്തില്‍ പോയത് ആറ് ലക്ഷം ഡോളറിന് (ഏകദേശം 4.9 കോടി രൂപ). പ്രതീക്ഷിച്ച തുകയുടെ അഞ്ചിരട്ടിയാണ് വസ്ത്രത്തിന് ലഭിച്ചത്. പര്‍പ്പിള്‍ നിറത്തിലുള്ള വെല്‍വെറ്റ് ഗൗണാണ് ന്യൂയോര്‍ക്കില്‍ വെള്ളിയാഴ്ച ലേലം ചെയ്തത്. പ്രമുഖ ബഹുരാഷ്ട്രസ്ഥാപനമായ സോത്തെബീസ് ആണ് ലേലം സംഘടിപ്പിച്ചത്.  ഒരു കോടി രൂപയാണ് ഇവര്‍ പ്രതീക്ഷിച്ചിരുന്നത്. 

1991-ല്‍ വെയില്‍സ് രാജകുമാരിയായിരുന്ന ഡയാന ഒരു ഔദ്യോഗിക ഛായാചിത്രത്തില്‍ ധരിച്ചിരുന്ന പര്‍പ്പിള്‍ നിറത്തിലുള്ള ഗൗണ്‍ ആണ് ലേലത്തില്‍ വച്ചിരുന്നത്. സ്ട്രാപ് ലെസ്, വെല്‍വറ്റ് സില്‍ക് മെറ്റീരിയല്‍ എന്നിവയാണ് ഗൗണിന്‍റെ പ്രത്യേകതകള്‍. 1989-ല്‍  ബ്രിട്ടീഷ് ഡിസൈനറായ വിക്ടര്‍ എഡല്‍സ്റ്റീനാണ് വസ്ത്രം ഡിസൈന്‍ ചെയ്തത്.  ഡയാന രാജകുമാരിയുടെ ദീര്‍ഘകാല വസ്ത്ര ഡിസൈനറായിരുന്നു എഡല്‍സ്റ്റീന്‍. 1982 മുതല്‍ 1993 വരെ എഡല്‍സ്റ്റീല്‍ ഡയാനയ്ക്ക് വേണ്ടി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തു.

1997-ല്‍ 24150 ഡോളറിനാണ് ഈ വസ്ത്രം ആദ്യമായി ലേലത്തില്‍ വിറ്റത്. അക്കൊല്ലം ഡയാന ലേലത്തില്‍ വില്‍ക്കാന്‍ തീരുമാനിച്ച കോക്ടെയ്ല്‍, ഈവനിങ് വസ്ത്രങ്ങളിലൊന്നായിരുന്നു ഇത്. എയിഡ്സ് ക്രൈസിസ് ട്രസ്റ്റ് ആന്‍ഡ് റോയല്‍ മാര്‍സ്ഡെന്‍ ഹോസ്പിറ്റലിലേക്കാണ് ആ ലേലത്തില്‍ നിന്നുള്ള പണം പോയത്. 

ഡയാന രാജകുമാരിയുടെ വിശിഷ്ടമായ വജ്രമാല അമേരിക്കൻ നടിയും ടെലിവിഷൻ താരവും വ്യവസായിയുമായ കിം കര്‍ദാഷ്യാൻ അടുത്തിടെയാണ് സ്വന്തമാക്കിയത്. സെക്സ് ടേപ്പ് വിവാദത്തിലൂടെയും ശരീരസൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി കോസ്മെറ്റിക് സര്‍ജറികള്‍ക്ക് വിധേയയാതിന്‍റെ പേരിലുമെല്ലാം പ്രശസ്തയായ കിം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ഫോളോവേഴ്സുള്ള അമേരിക്കൻ താരങ്ങളില്‍ ഒരാള്‍ കൂടിയാണ്. 

ചരിത്രപ്രാധാന്യമുള്ള ആഭരണങ്ങളും വസ്ത്രങ്ങളും മറ്റും സ്വന്തമാക്കുന്നതില്‍ നേരത്തെ തന്നെ കിമ്മിന് വലിയ താല്‍പര്യമുണ്ട്. പ്രമുഖ നടിയായ മെര്‍ലിൻ മണ്‍റോ ഉപയോഗിച്ച ഗൗണ്‍ കിം ലേലത്തിലൂടെ സ്വന്തമാക്കുകയും അത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാഷൻ മേളകളിലൊന്നായ ‘മെറ്റ് ഗാല’യില്‍ ധരിച്ചെത്തുകയും ചെയ്തിരുന്നു.