ഹൈദരാബാദ്: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയം ഉറപ്പിച്ചിടത്തു നിന്നാണ് മൈക്കല്‍ ബ്രേസ്‌വെല്ലും മിച്ചല്‍ സാന്‍റ്നറും ചേര്‍ന്ന് പോരാട്ടം ഏറ്റെടുത്തത്. 350 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ 131-6 എന്ന സ്കോറില്‍ തകര്‍ന്നടിഞ്ഞശേഷം ബ്രേസ്‌വെല്ലും സാന്‍റ്നറും ചേര്‍ന്ന് കിവീസിനെ 293 റണ്‍സിലെത്തിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. 78 പന്തില്‍ 140 റണ്‍സടിച്ച ബ്രേസ്‌വെല്ലിന്‍റെ ഇന്നിംഗ്സ് ഇന്ത്യയെ ഒരുഘട്ടത്തില്‍ തോല്‍വിയിലേക്ക് തള്ളിവിടുമോ എന്നുപോലും ആരാധകര്‍ ആശങ്കപ്പെട്ടു.

കാരണം തകര്‍ത്തടിച്ച് ബ്രേസ്‌വെല്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ അവസാന രണ്ടോവറില്‍ രണ്ട് വിക്കറ്റ് കൈയിലിയരിക്കെ 24 റണ്‍സായിരുന്നു കിവീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഷര്‍ദ്ദുല്‍ താക്കൂര്‍ അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ ഒരു വിക്കറ്റ് കൈയിലിരിക്കെ 20 റണ്‍സും. ഫോമിലുള്ള ബ്രേസ്‌വെല്‍ ഇന്ത്യയെ തോല്‍പ്പിക്കുമോ എന്ന ആശങ്കപ്പെട്ട ആരാധകര്‍ ഷര്‍ദ്ദുല്‍ താക്കൂര്‍ അവസാന ഓവര്‍ എറിയാനെത്തുന്നത് കണ്ട് ഒന്നു കൂടി ടെന്‍ഷനടിച്ചിട്ടുണ്ടാകും.

കാരണം അതുവരെ അത്ഭുതങ്ങളൊന്നും കാട്ടാതിരുന്ന ഷര്‍ദ്ദുല്‍ അവസാനം എറിഞ്ഞ രണ്ടോവറില്‍ ഒട്ടേറെ റണ്‍സ് വഴങ്ങുകയും ചെയ്തിരുന്നു. ആരാധകരുടെ ആശങ്ക കൂട്ടി ഷര്‍ദ്ദുലിന്‍റെ ആദ്യ പന്ത് തന്നെ ബ്രേസ്‌വെല്‍ ലോങ് ഓണിന് മുകളിലൂടെ സിക്സിന് പറത്തി. ഇതോടെ ലക്ഷ്യം അഞ്ച് പന്തില്‍ 14 ആയി കുറഞ്ഞു. അടുത്ത പന്താകട്ടെ വൈഡായി. ഇതോടെ ആരാധകര്‍ തോല്‍വി ഉറപ്പിച്ചു. എന്നാല്‍ നിര്‍ണായക ഘട്ടങ്ങളില്‍ ബോളുകൊണ്ടും ബാറ്റുകൊണ്ടും ടീമിന്‍റെ രക്ഷനാവുന്നതിന്‍റെ  പേരില്‍ ‘ലോര്‍ഡ് ഷര്‍ദ്ദുല്‍’ എന്ന് ആരാധകര്‍ വിളിക്കുന്ന താക്കൂര്‍ തന്‍റെ ദൈവിക ഇടപെടല്‍ നടത്തുന്നതാണ് പിന്നീട് കണ്ടത്.

അവസാന ഓവറിലെ രണ്ടാം പന്തില്‍ അതുവരെ ഒരു അവസരവും നല്‍കാതെ തകര്‍ത്തടിച്ച് ക്രീസില്‍ നിന്ന ബ്രേസ്‌വെല്ലിനെ യോര്‍ക്കറില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി ഷര്‍ദ്ദുല്‍ ഇന്ത്യയുടെ ജയം ഉറപ്പിച്ചു. ഇതോടെ ഷര്‍ദ്ദുലിനെ ലോര്‍ഡ് ഷര്‍ദ്ദുലെന്ന് വിളിക്കുന്നത് വെറുതയല്ലെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞുവെന്നാണ് ആരാധകര്‍ പറയുന്നത്.