കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടല്‍ നടപടികള്‍ വൈകുന്നതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി.  കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ എന്താണ് വിമുഖതയെന്ന് കോടതി ചോദിച്ചു. ഈമാസം 23 നകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി അന്ത്യശാസനം നല്‍കി. ജപ്തിക്കായി നോട്ടീസ് നല്‍കേണ്ടതില്ലെന്നും നടപടി പൂര്‍ത്തിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, സിപി മുഹമ്മദ് നിയാസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റേതാണ് നിര്‍ദ്ദേശം. 

സമയപരിധി കഴിഞ്ഞിട്ടും ജപ്തി നടപടികള്‍ പൂര്‍ത്തിയാകാത്തതാണ് ഹൈക്കോടതിയെ പ്രകോപിപ്പിച്ചത്.  5.2 കോടി രൂപ നഷ്ടപരിഹാരം ഈടാക്കാനും, തുക കെട്ടിവയ്ക്കാത്ത പക്ഷം പിഎഫ്‌ഐ നേതാവ് അബ്ദുള്‍ സത്താറിന്റെയടക്കം സ്വത്തുവകകള്‍ കണ്ടുകെട്ടാനുമായിരുന്നു കോടതിയുടെ ഇടക്കാല ഉത്തരവ്. സെപ്റ്റംബര്‍ 29 ലെ വിധിയില്‍ പൊതുമുതല്‍ നശിപ്പിക്കുന്നത് നിസാരമായി കാണാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ജപ്തി നടപടികള്‍ വൈകിപ്പിച്ചതിന് ആഭ്യന്തര സെക്രട്ടറി നേരിട്ട് കോടതിയില്‍ ഹാജരായി നിരുപാധികം മാപ്പപേക്ഷിച്ചിരുന്നു. പിന്നാലെ ഈ മാസം 15നകം നടപടികള്‍ പൂര്‍ത്തീകരിക്കുമെന്ന് കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതും നടപ്പാക്കാതെ വീണ്ടും സമയം ചോദിച്ചതാണ് വിമര്‍ശനത്തിന് കാരണമായത്.

പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസിൽ ഇന്നും കൊല്ലത്ത് റെയ്ഡ് നടന്നു. കൊല്ലം ചാത്തനാംകുളത്തെ പിഎഫ്‌ഐ പ്രവർത്തകന്റെ വീട്ടിലാണ് പരിശോധന നടത്തിയത്. പിഎഫ്‌ഐ പ്രവർത്തകനായിരുന്ന നിസാറുദ്ദീന്റെ വീട്ടിലായിരുന്നു പരിശോധന. 

റെയ്ഡിൽ ഡയറിയും തിരിച്ചറിയൽ രേഖകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിന് പിന്നാലെ ചവറ സ്വദേശി മുഹമ്മദ് സാദിഖിനെ കസ്റ്റഡിയിൽ എടുത്തിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ പരിപാടിയിൽ ഇയാൾ പങ്കെടുത്തിരുന്നു.