നഗരവാസികളുടെ സുരക്ഷയും ശുചിത്വവും കണക്കിലെടുത്ത് വളര്‍ത്തുനായ ഉടമകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനൊരുങ്ങി മധ്യപ്രദേശിലെ സാഗര്‍ മുന്‍സിപ്പാലിറ്റി. 40 കൗണ്‍സിലര്‍മാര്‍ ഏകകണ്ഠമായാണ് പുതിയ തീരുമാനം എടുത്തത്. സംസ്ഥാനത്ത് ആദ്യമായാണ് വളര്‍ത്തുനായ ഉടമകള്‍ക്ക് നികുതി ചുമത്താന്‍ തീരുമാനിക്കുന്നത്. 

നിയമത്തിന് രൂപം നല്‍കിക്കഴിഞ്ഞാല്‍ ഈ വര്‍ഷം ഏപ്രിലില്‍ തന്നെ കോര്‍പ്പറേഷനില്‍ നിയമം പ്രാബല്യത്തില്‍ വരാനാണ് സാധ്യത. സാഗറിലെ തെരുവുകളില്‍ നായ്ക്കളുടെ ശല്യം രൂക്ഷമായതോടെയാണ് നായ ഉടമകള്‍ക്ക് നികുതി ചുമത്താന്‍ തീരുമാനിച്ചത്. വളര്‍ത്തുനായ്ക്കള്‍ പൊതുസ്ഥലങ്ങള്‍ വൃത്തിഹീനമാക്കുന്നതും ഈ തീരുമാനത്തിലേക്ക് നയിച്ച ഘടകമാണ്.

സാഗറിലെ എല്ലാ വളര്‍ത്തു നായ്ക്കളെയും രജിസ്റ്റര്‍ ചെയ്യുകയും പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുപ്പിക്കുകയും വളര്‍ത്തുമൃഗങ്ങളുടെ ഉടമകളില്‍ നിന്ന് നികുതി ഈടാക്കുകയും ചെയ്യും. തെരുവ് നായ്ക്കളും നായ്ക്കളെ വളര്‍ത്തുന്നവരും നഗരത്തില്‍ മാലിന്യം തള്ളുന്നതായും ആളുകളെ നായ കടിക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ ഉന്നയിച്ചു. ഇത്തരത്തില്‍ നികുതി ചുമത്തുന്ന നഗരങ്ങളെക്കുറിച്ച് പഠിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും സാഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ വൃന്ദാവന്‍ അഹിര്‍വാര്‍ പറഞ്ഞു.