ഉത്തരാഖണ്ഡിലെ ജോഷിമഠിന്റെ അതേ ഗതി നേരിടേണ്ടി വരുമെന്ന ആശങ്ക പ്രകടിപ്പിച്ച് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര് സിംഗ് സുഖു. സംസ്ഥാനത്തിനുളള ദുരിതാശ്വാസ ഫണ്ട് വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്ത് രണ്ട് ഡോപ്ലര്‍ വെതര്‍ റഡാറുകള്‍ (DWR ) സ്ഥാപിക്കുന്നതിന്റെ ഓണ്‍ലൈന്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ശാസ്ത്ര മന്ത്രി ജിതേന്ദ്ര സിംഗ് സംസ്ഥാനം സന്ദര്‍ശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാലാവസ്ഥ പ്രവചനങ്ങള്‍, മുന്നറിയിപ്പുകള്‍, കാലാവസ്ഥാ ഡാറ്റ എന്നി സേവനങ്ങള്‍ സമയബന്ധിതമായി പ്രദാനം ചെയ്യുന്നതിനാണ് ഡോപ്ലര്‍ വെതര്‍ റഡാറുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ‘ഹിമാചലിനായി നാല് ഡോപ്ലര്‍ കാലാവസ്ഥാ റഡാര്‍ സംവിധാനങ്ങള്‍ ആവശ്യമാണ്. ഇത്തരം പ്രതിഭാസങ്ങള്‍ ഇനിയും ജനങ്ങള്‍ക്കും സ്വത്തിനും ഭീഷണിയായേക്കാം’ സുഖു കൂട്ടിച്ചേര്‍ത്തു. കിന്നൗര്‍, ലാഹൗള്‍ സ്പിതി ജില്ലകളിലെ ഏകദേശം 30 ശതമാനം പ്രദേശങ്ങളിലും മേഘസ്ഫോടനങ്ങള്‍ അനുഭവപ്പെടുന്നുണ്ടെന്നും വിള്ളലുകളുള്ളതായി റിപ്പോര്‍ട്ടുകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏകദേശം രണ്ടോ മൂന്നോ വര്‍ഷം മുമ്പ് കിന്നൗറില്‍ ഒരു മേഘവിസ്ഫോടനം ഉണ്ടായിയിരുന്നു അത് ജീവനും സ്വത്തിനും മാത്രമല്ല, ജലവൈദ്യുത പദ്ധതികള്‍ക്കും വരെ നാശമുണ്ടാക്കിയിരുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന തലസ്ഥാനമായ ഷിംലയും അതിന്റെ ചരിത്രമുറങ്ങുന്ന പ്രദേശങ്ങളും മൂന്ന് നാല് പതിറ്റാണ്ടുകളായി മുങ്ങിത്താഴുകയാണ്.
ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ ഐഎംഡി ഞായറാഴ്ച നാല് ഡിഡബ്ല്യുആര്‍ സ്ഥാപിച്ചു. ഇത് പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖലയിലെ കാലാവസ്ഥാ നിരീക്ഷണ ശേഷി വര്‍ദ്ധിപ്പിക്കും. ഹിമാചല്‍ പ്രദേശിലെ ചമ്പ ജില്ലയിലും മാണ്ഡി ജില്ലയിലുമാണ് ഡിഡബ്ല്യുആര്‍ സ്ഥാപിച്ചിരിക്കുന്നത്. അതേസമയം, കൗണ്ടിയില്‍ ഡോപ്ലര്‍ റഡാറുകളുടെ എണ്ണം 2013-ല്‍ 15 ആയിരുന്നത് 2023-ല്‍ 37 ആയി ഉയര്‍ന്നതായി കേന്ദ്ര ശാസ്ത്ര മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ 25 റഡാറുകള്‍ കൂടി കൂട്ടിച്ചേര്‍ക്കുമെന്നും എണ്ണം 62 ആക്കി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. 2025-ഓടെ രാജ്യം മുഴുവന്‍ ഡോപ്ലര്‍ റഡാറുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.