സിബിഐ തന്റെ ഓഫീസ് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ വീണ്ടും റെയ്‌ഡ്‌ നടത്തിയതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. തന്റെ ഗ്രാമത്തിലെ സ്വത്തുക്കളിൽ പോലും ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് ആം ആദ്‌മി പാർട്ടി നേതാവ് ട്വിറ്ററിൽ കുറിച്ചു. എന്നാൽ സിസോദിയയുടെ അവകാശവാദങ്ങൾ സിബിഐ വൃത്തങ്ങൾ നിഷേധിച്ചു. അദ്ദേഹത്തിന്റെ വസ്‌തുക്കളിൽ പരിശോധനകളൊന്നും നടന്നിട്ടില്ലെന്ന് അന്വേഷണ ഏജൻസി വ്യക്തമാക്കി.

“എനിക്കെതിരെ ഒന്നും കണ്ടെത്തിയിട്ടില്ല. ഞാൻ തെറ്റൊന്നും ചെയ്യാത്തതിനാൽ ഒന്നും കണ്ടെത്താൻ കഴിയുകയുമില്ല” സിസോദിയ പറഞ്ഞു. “ഇന്ന് വീണ്ടും സിബിഐ എന്റെ ഓഫീസിലെത്തി. അവർക്ക് സ്വാഗതം. അവർ എന്റെ വീട് റെയ്‌ഡ്‌ ചെയ്‌തു, എന്റെ ഓഫീസും റെയ്‌ഡ്‌ ചെയ്‌തു, എന്റെ ലോക്കർ പരിശോധിച്ചു, എന്റെ ഗ്രാമത്തിൽ പോലും അവർ പരിശോധന നടത്തി. ഡൽഹിയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആത്മാർത്ഥമായി പ്രവർത്തിച്ചതാണ് ഞാൻ” സിസോദിയ ട്വിറ്ററിൽ കുറിച്ചു.

അതേസമയം, രേഖകൾ ശേഖരിക്കാൻ ഉദ്യോഗസ്ഥ സംഘം അദ്ദേഹത്തിന്റെ ഓഫീസിലെത്തിയതായി സിബിഐ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. “മനീഷ് സിസോദിയയുടെ സ്ഥലങ്ങളിൽ സിബിഐ പരിശോധനയോ റെയ്ഡോ നടത്തിയിട്ടില്ല. സിആർപിസി നോട്ടീസിന്റെ സെക്ഷൻ 91 പ്രകാരം രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ആവശ്യമായ രേഖകൾ ശേഖരിക്കാൻ സിബിഐ സംഘം സിസോദിയയുടെ ഓഫീസിലെത്തിയിരുന്നു” സിബിഐ വൃത്തങ്ങൾ അറിയിച്ചു.

സിആർപിസി സെക്ഷൻ 91 പ്രകാരം, അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ വ്യക്തിയോട് ആവശ്യപ്പെടാൻ അന്വേഷണ ഉദ്യോഗസ്ഥന് അധികാരമുണ്ട്. ഈ വകുപ്പ് പ്രകാരം പ്രസ്‌തുത വ്യക്തി സ്ഥലത്തുണ്ടാവണം എന്നില്ല. ഡൽഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട് സിസോദിയയുടെ വസ്‌തുവകകളിൽ ഉദ്യോഗസ്ഥർ റെയ്‌ഡ് നടത്തി ഏകദേശം അഞ്ച് മാസത്തിന് ശേഷമാണ് സംഭവവികാസം ഉണ്ടായത്. അന്ന് ഏകദേശം 12 മണിക്കൂറിലേറെയാണ് റെയ്‌ഡ്‌ നീണ്ടത്.