വയനാട് ബത്തേരി നഗരമധ്യത്തില്‍ കാട്ടാന ആക്രമണം. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ നഗരത്തിലെത്തിയ ആന കാല്‍നടയാത്രികനെ ആക്രമിച്ചു. അസംഷന്‍ ജംങ്ഷന് സമീപത്താണ് നഗരത്തിലൂടെ നടന്നുപോകുകയായിരുന്നയാളെ ആന ആക്രമിച്ചത്. യാത്രികനെ കാട്ടാന തുമ്പിക്കൈ വീശി അടിച്ച് നിലത്തിട്ടു. ചവിട്ടാന്‍ ഒരുങ്ങിയെങ്കിലും നടപ്പാതയിലെ കൈവരി തടസ്സമായി നിന്നത് കൊണ്ട് തുടര്‍ന്നുള്ള ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. 

കെഎസ്ആര്‍ടിസി ബസിനു പിന്നാലെയും കാട്ടാന ഓടിയടുത്തു. ഒരുമണിക്കൂറോളം കടകള്‍ക്കും ഹോട്ടലുകള്‍ക്കുമിടയിലൂടെ ഓടിനടന്ന കാട്ടാന നഗരത്തെ ഭീതിയിലാഴ്ത്തി. നഗരസഭാ ഓഫിസിനു മുന്നിലും കാട്ടാന ഓടിനടന്നു. കാട്ടാന ഇപ്പോള്‍ വനത്തോടു ചേര്‍ന്നു മുള്ളന്‍കുന്ന് ഭാഗത്തുണ്ടെന്നും ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍നിന്ന് വനംവകുപ്പ് പിടികൂടി കാട്ടില്‍ വിട്ട കൊലയാളി ആനയാണിതെന്ന് നാട്ടുകാര്‍ സംശയിക്കുന്നുണ്ട്. 

കാട്ടാനയുടെ സാന്നിധ്യത്തെ തുടര്‍ന്ന് വയനാട് സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ പത്ത് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 4, 6, 9, 10, 15, 23, 24, 32, 34, 35 എന്നീ വാര്‍ഡുകളിലാണ് നിരോധനാജ്ഞ.  ഇന്നലെ ഉച്ച മുതല്‍ കൃഷിയിടങ്ങളില്‍ ഉണ്ടായിരുന്ന കാട്ടാന ഇന്ന് പുലര്‍ച്ചയോടെയാണ്  അക്രമാസക്തമായത്.