ഭാരത് ജോഡോ യാത്ര ഉത്തര്‍പ്രദേശിലേക്ക് പ്രവേശിക്കാനിരിക്കെ, രാഹുല്‍ ഗാന്ധിക്ക് ആശംസ നേര്‍ന്ന് രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ്. രാജ്യത്തെ ഒന്നിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തിന് പിന്തുണയര്‍പ്പിക്കുന്നതായും അദ്ദേഹം കത്തില്‍ പറയുന്നു. 

‘നിങ്ങളുടെ ദൗത്യം വിജയിക്കട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് ദീര്‍ഘായുസ്സുണ്ടാകട്ടെ. നിങ്ങള്‍ ജനങ്ങളുടെ താല്‍പ്പര്യത്തിനും അവരുടെ സന്തോഷത്തിനുമായി ‘സര്‍വജന ഹിതായ സര്‍വജന സുഖായ’ എന്ന മഹത്തായ ലക്ഷ്യത്തിനായാണ് പ്രവര്‍ത്തിക്കുന്നത്. ശ്രീരാമന്റെ അനുഗ്രഹം നിങ്ങള്‍ക്ക് എപ്പോഴും ഉണ്ടായിരിക്കട്ടെ.’ അദ്ദേഹം കത്തില്‍ പറയുന്നു. 

പാര്‍ട്ടിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ അറിയിച്ച് ആചാര്യ സത്യേന്ദ്ര ദാസ് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചുവെന്നും ആരോഗ്യപരമായ കാരണങ്ങളാലാണ് യാത്രയില്‍ പങ്കുചേരാനാകാത്തതെന്നും കോണ്‍ഗ്രസിന്റെ അയോധ്യ ജില്ലാ വക്താവ് സുനില്‍ കൃഷ്ണ ഗൗതം പറഞ്ഞു. ഒമ്പത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര  ഡല്‍ഹിയില്‍ നിന്ന് പുനരാരംഭിച്ചത്. ഹിമാചല്‍ പ്രദേശ് വഴി ജമ്മു കശ്മീരിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്ര ഇന്ന് വൈകുന്നേരത്തോടെ ഉത്തര്‍പ്രദേശില്‍ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.