ഇ.പി ജയരാജനെതിരായ സാമ്പത്തിക ആരോപണത്തില്‍ വിശദീകരണവുമായി വൈദേകം റിസോര്‍ട്ട് സി.ഇ.ഒ. തോമസ് ജോസഫ്. ഇ.പിയുടെ മകൻ ഓഹരിയെടുത്തത് 2014ലാണ്. പിന്നീട് നിക്ഷേപം നടത്തിയിട്ടില്ല. ഇ.പിയുടെ ഭാര്യക്കും നി​ക്ഷേപമുണ്ട്. എന്നാൽ, രണ്ടുപേർക്കും കൂടി ഒരു കോടിയുടെ നിക്ഷേപം പോലുമി​ല്ലെന്ന് തോമസ് ജോസഫ് പറഞ്ഞു. 

വിവാദങ്ങളില്‍ ഇ.പിയ്ക്ക് ആശങ്കപ്പെടേണ്ട കാര്യമില്ല. അദ്ദേഹത്തെ വലിച്ചിഴയ്ക്കുന്നത് മാധ്യമശ്രദ്ധയ്ക്ക്‌ വേണ്ടിയാണ്. വൈദേകം ആയൂര്‍വേദം ഹീലിങ്ങ് വില്ലേജ് എന്ന സ്ഥാപനം 20 ഓഹരി ഉടമകള്‍ ചേര്‍ന്നു നടത്തുന്ന ആയുര്‍വേദ ആശുപത്രിയാണ്. അതില്‍ ജയരാജന് പങ്കാളിത്തമില്ല. ഇ.പിയുടെ മകനോ, ഭാര്യയോ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാറില്ല.

വിവാദത്തിൽ ജയരാജനു ഭയക്കാന്‍ ഒന്നുമില്ല. ഇതില്‍ മറച്ചുവെക്കാനും ഒന്നുമില്ല. എല്ലാ കാര്യങ്ങളും സുതാര്യമായി നടക്കുന്ന കമ്പനിയില്‍ എല്ലാ കാര്യങ്ങളും വ്യക്തമായി മുന്നോട്ടു വരിക തന്നെ ചെയ്യും. വിവാദങ്ങള്‍ ചില്ലുകൊട്ടാരം പോലെ തകര്‍ന്നു പോകുന്ന വെറും ആക്ഷേപങ്ങള്‍ മാത്രമാണ്. വിവാദത്തിനു പിന്നില്‍ പഴയ എം.ഡിയാണെന്നും മാനേജിങ്ങ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റി പുതിയ ഒരാളെ എം.ഡിയായി നിയമിച്ചതാകാം ഇതിനുപിന്നി​െലന്നും തോമസ് ജോസഫ് പറഞ്ഞു. ഇയാളെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ രണ്ടു ദിവസത്തിനുള്ളില്‍ വെളിപ്പെടുത്താനാണ് തീരുമാനം.