ക്രിസ്‌തുമസ് ദിനത്തിലെ മദ്യവിൽപ്പന ഈ വർഷം കുറവെന്ന് റിപ്പോർട്ടുകൾ. 52.3 കോടിയുടെ മദ്യമാണ് ക്രിസ്‌തുമസ് ദിനത്തില്‍ മാത്രം ബെവ്‌കോ ഔട്ട്ലെറ്റുകൾ വഴി വിറ്റത്. കഴിഞ്ഞ വർഷം ഇതേ ദിവസം 54.82 കോടിയുടെ മദ്യം വിറ്റ സ്ഥാനത്താണ് ഈ കുറവുണ്ടായിരിക്കുന്നത്. 

ക്രിസ്‌തുമസ്‌ തലേന്നായ ഡിസംബർ 24ന് 89.52 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം 90.03 കോടിയുടെ മദ്യമാണ് ക്രിസ്‌തുമസ് തലേന്ന് വിറ്റതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ 22, 23, 24 എന്നീ ദിവസങ്ങൾ ആകെ നോക്കുമ്പോൾ മദ്യവിൽപ്പന ഈ വര്‍ഷം കൂടിയതായി കാണാം. 229.80 കോടി രൂപയുടെ മദ്യമാണ് ഈ ദിവസങ്ങളിൽ വിറ്റത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 215.49 കോടിയുടെ മദ്യം വിറ്റ സ്ഥാനത്താണിത്.

അതേസമയം, സംസ്ഥാനത്ത് മദ്യത്തിന് 2 ശതമാനം വില കൂടിയ ശേഷമുള്ള ആദ്യ ഉത്സവ സീസണായിരുന്നു ഇത്തവണത്തേത്. റം ആണ് ഏറ്റവും കൂടുതൽ വിറ്റത്. കൊല്ലം ആശ്രാമം ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. 68.48 ലക്ഷം രൂപയുടെ വിൽപ്പന ഇവിടെ നടന്നു. തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്ലെറ്റില്‍ 65.07 ലക്ഷം രൂപയുടെ വിൽപ്പനയും, ഇരിങ്ങാലക്കുട ഔട്ട്ലെറ്റില്‍ 61.41 ലക്ഷം രൂപയുടെ വിൽപ്പനയും നടന്നു.