ബോളിവുഡിന്റെ ബാദ്ഷ കിങ് ഖാന് ലോകമെമ്പാടും ആരാധകരുണ്ട്. അറബ് ലോകത്താണെങ്കിൽ ഷാരൂഖിന് സൂപ്പർ സ്റ്റാർ പരിവേഷമാണുള്ളത്. ഇപ്പോഴിതാ അടുത്തിരുന്നത് ഷാരൂഖാണെന്ന് അറിഞ്ഞ് ആശ്ചര്യപ്പെടുന്ന ഹോളിവുഡിലെ സൂപ്പർതാരം ഷാരൺ സ്റ്റോണിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. സൗദി അറേബ്യയിൽ നടന്ന റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനിടെയായിരുന്നു സംഭവം.

റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ലോക സിനിമയിലെ വിവിധ താരങ്ങൾ പങ്കെടുക്കാനെത്തിയിരുന്നു. ചലച്ചിത്ര മേഖലക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ച് ഷാരൂഖിന് സൗദി അറേബ്യയുടെ ബഹുമതി സമ്മാനിച്ചു. ഷാരൂഖ് ഖാന് പുറമേ, ഷാരൺ സ്റ്റോൺ, പ്രിയങ്ക ചോപ്ര, കരീന കപൂർ, ഒലിവർ സ്റ്റോൺ, ഗയ് റിച്ചി തുടങ്ങിയവരും മേളയിൽ പങ്കെടുത്തു.

വിശിഷ്ടാതിഥികളുടെ സീറ്റിൽ തനിക്ക് തൊട്ടടുത്ത് ഇരിക്കുന്നത് ഷാരൂഖ് ഖാനാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഷാരൺ സ്റ്റോൺ അമ്പരന്നത്. ഷാരൺ സ്റ്റോണിനെ കണ്ട ഷാരൂഖ് വിനയപൂർവം താരത്തെ അഭിവാദ്യം ചെയ്യുന്നതും വീഡിയോയിൽ കാണാം.

‘എന്റെ രണ്ട് സീറ്റ് അപ്പുറത്താണ് ഷാരൂഖ് ഖാൻ ഇരുന്നത്. അദ്ദേഹം അവിടെ ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു. താരങ്ങളെ കാണുമ്പോൾ പൊതുവിൽ ആവേശം കൊള്ളുന്നയാളല്ല ഞാൻ, നിരവധി പേരെ എനിക്കറിയുകയും ചെയ്യാം. എന്നാൽ അദ്ദേഹത്തെ കണ്ടത് വ്യത്യസ്ത അനുഭവമായിരുന്നു’-ഷാരൺ സ്റ്റോൺ പറയുന്നു.

നീണ്ട ഇടവേളയ്ക്കുശേഷം വമ്പൻ സിനിമകളുമായി ബോളിവുഡിൽ തിരിച്ചെത്താനൊരുങ്ങുകയാണ് ഷാരൂഖ്. ദീപിക പദുകോൺ നായികയാകുന്ന പഠാൻ ആണ് ആദ്യം റിലീസ് ചെയ്യുന്നത്. ജനുവരി 25 നാണ് ചിത്രം പുറത്തിറങ്ങുന്നത്. ഇതിനു പിന്നാലെ ആറ്റ്ലീ സംവിധാനം ചെയ്യുന്ന ജവാൻ പുറത്തിറങ്ങും. രാജ്കുമാർ ഹിരാനിക്കൊപ്പം ആദ്യമായി ഒന്നിക്കുന്ന ഡങ്കിയും പുറത്തിറങ്ങും. സിനിമയുടെ ചിത്രീകരണം സൗദി അറേബ്യയിൽ പുരോഗമിക്കുകയാണ്.

10 ദിവസം നീളുന്ന രണ്ടാമത് റെഡ് സീ ഇൻറർനാഷനൽ ഫിലിം ഫെസ്റ്റിവലിന് ജിദ്ദയിൽ ഗംഭീര തുടക്കമായിരുന്നു. ചലച്ചിത്ര രംഗത്തെ അന്താരാഷ്ട്ര പ്രതിഭകളുടെ വലിയനിര തന്നെ ജിദ്ദ റിട്സ് കാൾട്ടൻ ഹോട്ടലിൽ ഒരുക്കിയ റെഡ് കാർപറ്റിൽ അണിനിരന്നു. സൗദി നടി മില അൽസഹ്‌റാനി, ഈജിപ്ഷ്യൻ അഭിനേതാക്കളായ ഹുസൈൻ ഫഹ്മി, യൊസ്‌റ, നെല്ലി കരീം, ഹോളിവുഡ് അഭിനേതാക്കളായ മിക്കല്ലേ റോഡ്രിഗസ്, ലൂസി ഹെയ്ൽ, ലെബനീസ് അഭിനേതാക്കളായ നിക്കോളാസ് മൗവാദ്, നദീൻ നാസിബ് നജീം, ഓസ്‌ട്രേലിയൻ താരങ്ങളായ നദീൻ നാസിബ് നജീം, സംഗീതജ്ഞൻ എ.ആർ റഹ്മാൻ എന്നിവരും വിവിധ സെഷനിൽ ഫെസ്റ്റിവൽ വേദിയിലെത്തി.