പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് മരണം. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മേദിനിപൂര്‍ ജില്ലയിലെ ഭൂപതിനഗറിലെ പുര്‍ബ ബൂത്ത് പ്രസിഡന്റ് രാജ്കുമാര്‍ മന്നയുടെ വസതിയിലാണ് ഇന്നലെ രാത്രി രാത്രി സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ശക്തിയില്‍ വീട് തകര്‍ന്നു.

മരണപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവര്‍ ടിഎംസി പ്രവര്‍ത്തകരാണെന്നാണ് സംശയിക്കുന്നത്. സ്ഫോടനത്തിന്റെ സ്വഭാവത്തെക്കുറിച്ച് പോലീസ് ഇതുവരെ സ്ഥിരീകരണമൊന്നും അറിയിച്ചിട്ടില്ല. അതേസമയം വീടിന് നേരെ ആക്രമണം ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. വീട്ടില്‍ സൂക്ഷിച്ചിരുന്ന അസംസ്‌കൃത ബോംബ് അബദ്ധത്തില്‍ പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന് കാരണമായതെന്നും സംശയിക്കുന്നു.

ഭൂപതിനഗറില്‍ നിന്ന് 1.5 കിലോമീറ്റര്‍ മാത്രം അകലെയുള്ള കോണ്ടായി ടൗണില്‍ ഇന്ന്  തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യാനിരിക്കുകയായിരുന്നു. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് സംഭവത്തിന്റെ ഉത്തരവാദിത്തം ടിഎംസിക്ക് ആണെന്ന് പറഞ്ഞു. ‘സ്‌ഫോടനം ഉണ്ടാകുമ്പോഴെല്ലാം ടിഎംസി നേതാക്കള്‍ അതില്‍ ഉള്‍പ്പെടുന്നതായി ഞങ്ങള്‍ കാണുന്നു. എല്ലാ സാമൂഹിക വിരുദ്ധരും അധികാരത്തില്‍ തുടരാന്‍ ആ പാര്‍ട്ടിയില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ഇതില്‍ ആശ്ചര്യമില്ല’ അദ്ദേഹം പറഞ്ഞു.

‘മെദിനിപൂര്‍ ജില്ലയിലെ ടിഎംസി നേതാവിന്റെ വീട്ടില്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടെ  ബോംബ് സ്ഫോടനം ഉണ്ടായി. അദ്ദേഹത്തിനും മറ്റു ചിലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനാണ് ടിഎംസി വീണ്ടും ശ്രമിക്കുന്നത്. ഇത് ശ്രദ്ധിക്കണമെന്ന് ആഭ്യന്തരമന്ത്രാലയത്തോട് അഭ്യര്‍ത്ഥിക്കുന്നു ‘  സ്ഫോടനത്തിന് ശേഷം ബിജെപി സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാര്‍ ട്വിറ്ററില്‍ കുറിച്ചു.