കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും മാറിയ ആദ്യ സീസണിൽ ശബരിമലയിൽ ദർശനം നടത്തിയ തീർത്ഥാടകരുടെ എണ്ണം 10 ലക്ഷം കടന്നതായി കണക്കുകൾ. പ്രതിദിനം അരലക്ഷത്തിന് മുകളിൽ ഭക്തരാണ് ഇപ്പോൾ സന്നിധാനത്തേയ്ക്ക് എത്തുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ തീർത്ഥാടകർ ശബരിമലയിൽ എത്തുന്നത്. 

ഓൺലൈൻ വഴിയും 13 ഇടങ്ങളിൽ നേരിട്ടും ബുക്ക് ചെയ്‌താണ് ഭക്തർ ശബരിമലയിലേക്ക് എത്തുന്നത്. ദേവസ്വം ബോർഡിന്റെ കണക്ക് പ്രകാരം നട തുറന്ന ദിവസം മുതൽ നവംബർ 30 വരെ ആകെ 8.74 ലക്ഷം തീർത്ഥാടകരാണ് അയ്യപ്പ ദർശനത്തിനായി സന്നിധാനത്ത് എത്തിയത്. എന്നാൽ ഡിസംബർ രണ്ട് വരെയുള്ള കണക്ക് കൂടി എടുത്താൽ ആകെ തീർത്ഥാടകരുടെ എണ്ണം 10 ലക്ഷം കടക്കും.

ദർശനത്തിന് എത്തുന്ന കുട്ടികളുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. നിലവിൽ കുട്ടികളുടെ കൈയിൽ ബാൻഡ് കെട്ടി രക്ഷിതാവിന്റെ പേരും ഫോൺ നമ്പറും രേഖപ്പെടുത്തിയാണ് കടത്തിവിടുന്നത്. പുൽമേട് വഴി രാവിലെ 7 നും ഉച്ചയ്ക്ക് 2നും ഇടയിലാണ് പ്രവേശനം. അതേസമയം, വരും ദിവസങ്ങളിൽ 70000ന് മുകളിലാണ് വെർച്വൽ ക്യൂ വഴിയുള്ള ബുക്കിംഗ്. ഭക്തജനത്തിരക്ക് കൂടിയതോടെ വരുമാനവും 70 കോടി കടന്നു.