കാനഡയിലെ ആൽബർട്ട പ്രവിശ്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ഇന്ത്യൻ വംശജയായ വനിതയെ നിയമിച്ചു. അമ്പത്തിയെട്ടുകാരിയായ റിതു ഖുള്ളര്‍ ആൽബർട്ടയിലെ അപ്പീൽ കോടതിയിലെ ഉന്നത ജഡ്ജിയാകുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഓഫീസ് അറിയിച്ചു.

ഖുള്ളർ 2017-ൽ ആൽബർട്ടയിലെ ക്വീൻസ് ബെഞ്ചിലെ ജഡ്ജിയായിരുന്നു. അന്ന് കോര്‍ട്ട് ഓഫ് ക്വീൻസ് ബെഞ്ചിലേക്ക് നിയമിക്കപ്പെട്ടപ്പോൾ പ്രവിശ്യയുടെ ചരിത്രത്തിൽ ജഡ്ജിയായി നിയമിക്കപ്പെട്ട ആദ്യത്തെ ദക്ഷിണേഷ്യൻ വംശജയായ വനിതയായിരുന്നു അവർ. ഒരു വർഷത്തിനുശേഷം, അവര്‍ക്ക് ആൽബർട്ടയിലെ അപ്പീൽ കോടതിയിലേക്ക് സ്ഥാനക്കയറ്റം നേടി.

ഇപ്പോൾ വീണ്ടും, കനേഡിയൻ അപ്പീൽ കോടതിയിലേക്ക് നാമകരണം ചെയ്യപ്പെടുന്ന ആദ്യത്തെ ദക്ഷിണേഷ്യൻ വനിതയാണ് ഖുള്ളര്‍. വെറും അഞ്ച് വർഷത്തിനുള്ളിൽ ഒരു ട്രയൽ കോടതി ജഡ്ജിയിൽ നിന്ന് പ്രവിശ്യയിലെ ഉന്നത സ്ഥാനത്തേക്ക് കുത്തനെയുള്ള സ്ഥാനക്കയറ്റമാണ് ഖുള്ളറിന് ലഭിച്ചത്. ജഡ്ജിയാകുന്നതിന് മുമ്പ് അഭിഭാഷകയായിരുന്നു.

“ബഹുമാനപ്പെട്ട റിതു ഖുള്ളര്‍ തന്റെ പുതിയ സ്ഥാനം ഏറ്റെടുക്കുമ്പോൾ എല്ലാ വിജയങ്ങളും ഞാൻ ആശംസിക്കുന്നു,” ട്രൂഡോ പറഞ്ഞു. കാതറിൻ ഫ്രേസറിൽ നിന്നാണ് ആൽബർട്ട കോടതി ഓഫ് അപ്പീലിന്റെ ഉന്നത സ്ഥാനം ഖുള്ളര്‍ ഏറ്റെടുക്കുന്നത്. ആൽബെർട്ട പ്രവിശ്യയിലെ ചീഫ് ജസ്റ്റിസായതിനാൽ, അവർക്ക് മറ്റ് രണ്ട് പ്രവിശ്യകളുടെ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിക്കേണ്ടിവരും – നുനാവുട്ട് അപ്പീൽ കോടതികളുടെയും നോർത്തേൺ ടെറിട്ടറികളുടെയും.

ഖുള്ളറിന്റെ മാതാപിതാക്കൾ ഇന്ത്യയില്‍ നിന്ന് 1961-ലാണ് കാനഡയിലേക്ക് കുടിയേറിയത്. 1964-ൽ വടക്കൻ ആൽബർട്ടയിലാണ് ഖുള്ളർ ജനിച്ചത്. അമ്മ സിഖ് വംശജയും പിതാവ് ഹിന്ദുവുമായിരുന്നു. ആൽബെർട്ട സർവകലാശാലയിൽ നിന്ന് ആര്‍ട്സിലും ടൊറന്റോ സർവകലാശാലയിൽ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്.