വാഷിങ്ടണ്‍: യു.എസ് ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ നയിക്കാന്‍ ആദ്യമായി കറുത്ത വംശജന്‍. നാന്‍സി പെലോസി സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് ഹക്കീം ജെഫ്രീസ്(52)ചേംബറില്‍ പാര്‍ട്ടിയെ നയിക്കാനെത്തുന്നത്. 2019 മുതല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തുള്ളയാളാണ്.

ബുധനാഴ്ച കാപിറ്റോള്‍ ഹില്ലില്‍ വെച്ച് നടന്ന യോഗത്തിന് ശേഷമാണ് ജെഫ്രീസിനെ തങ്ങളുടെ നേതാവായി ഡെമോക്രാറ്റുകള്‍ തെരഞ്ഞെടുത്തത്.അടുത്ത വര്‍ഷമായിരിക്കും അദ്ദേഹം ചുമതലയേല്‍ക്കുക. ഈ വരുന്ന ജനുവരിയില്‍ ജനപ്രതിനിധി സഭയിലെ പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്നും രാജിവെക്കുമെന്ന് പെലോസി നവംബറില്‍ പ്രഖ്യാപിച്ചിരുന്നു.

2013 മുതല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജനപ്രതിനിധിയാണ് അഭിഭാഷകന്‍ കൂടിയായ ജെഫ്രീസ്. ന്യൂയോര്‍ക്ക് നഗരത്തിലെ കിഴക്കന്‍ ബ്രൂക്ക്‌ലിന്‍, തെക്കുപടിഞ്ഞാറന്‍ ക്വീന്‍സ് ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജില്ലയെയാണ് ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്.

യു.എസ് കോണ്‍ഗ്രസിന്റെ രണ്ട് ചേംബറുകളിലുമായി (ജനപ്രതിനിധി സഭ, സെനറ്റ്) രണ്ട് പ്രധാന പാര്‍ട്ടികളില്‍ ഏതെങ്കിലുമൊന്നിന്റെ (ഡെമോക്രാറ്റിക് പാര്‍ട്ടി, റിപ്പബ്ലിക്കന്‍ പാര്‍ട്ടി) നേതൃസ്ഥാനത്തെത്തുന്ന ആദ്യത്തെ കറുത്ത വംശജന്‍ കൂടിയാണ് ജെഫ്രീസ്.