ഡല്‍ഹി: 466.51 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആണ് കേസ് അന്വേഷിക്കുന്നത്. ജസ്റ്റിസ് സുധീര്‍ കുമാര്‍ ജെയിനിന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കേസില്‍ കപൂറിനും അവന്താ ഗ്രൂപ്പ് പ്രൊമോട്ടര്‍ ഗൗതം ഥാപ്പറിനും എതിരെ സെപ്തംബറില്‍ സിബിഐ (CBI) കുറ്റപത്രം സമര്‍പ്പിച്ചു.

നിലവില്‍ ജയിലില്‍ കഴിയുന്ന റാണാ കപൂര്‍, തന്റെ ആരോഗ്യനില ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം തേടിയിരുന്നു. എന്നാല്‍, ഇയാളുടെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. യെസ് ബാങ്ക് സഹസ്ഥാപകന്‍ റാണാ കപൂറും ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് (ഡിഎച്ച്എഫ്എല്‍) പ്രൊമോട്ടര്‍മാരായ കപിലും ധീരജ് വാധവാനും സംശയകരമായ ഇടപാടുകളിലൂടെ 5,050 കോടി രൂപയുടെ ഫണ്ട് തട്ടിയെടുത്തതായി അന്വേഷണ ഏജന്‍സി ആരോപിച്ചു. 2020-ല്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ (പിഎംഎല്‍എ) പ്രകാരം ഫെഡറല്‍ അന്വേഷണ ഏജന്‍സിയാണ് കപൂറിനെ അറസ്റ്റ് ചെയ്തത്.

അനധികൃതമായി സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ റാണാ കപൂര്‍ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന കാര്യത്തില്‍ സംശയമില്ലെന്നും ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് യെസ് ബാങ്കിന്റെ റാണാ കപൂറും നിരവധി ജീവനക്കാരും ഉള്‍പ്പെട്ട അവന്ത ഗ്രൂപ്പ് പ്രൊമോട്ടറായ ഗൗതം ഥാപ്പറിനെതിരെ ഏജന്‍സി സമര്‍പ്പിച്ച കുറ്റപത്രം വിചാരണ കോടതി പരിഗണിച്ചു. കേസില്‍ കപൂറിനും അവന്താ ഗ്രൂപ്പ് പ്രൊമോട്ടര്‍ ഗൗതം ഥാപ്പറിനും എതിരെ സെപ്തംബറില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.

നിഷ്‌ക്രിയ ആസ്തികളായി (എന്‍പിഎ) മാറിയ ഏതാനും വന്‍കിട കോര്‍പ്പറേറ്റ് ഗ്രൂപ്പുകള്‍ക്ക് വായ്പകള്‍ എളുപ്പത്തില്‍ നല്‍കുന്നതിന് കൈക്കൂലി വാങ്ങിയതായും കപൂരിനെതിരെ ആരോപണമുണ്ട്. 2020 മാര്‍ച്ച് 3 ന് ഇസിഐആര്‍ രേഖപ്പെടുത്തിയതിന് ശേഷം ഇഡി അന്വേഷണം ആരംഭിച്ചിരുന്നു.