കോഴിക്കോട്: സംസ്ഥാനത്തുടനീളം ഫുട്ബോള്‍ ലോകകപ്പിന്റെ ആവേശം തിരതല്ലുമ്പോള്‍ നിര്‍ദേശങ്ങളുമായി സമസ്ത കേരള ജംഇയ്യത്തുള്‍ ഖുത്വബ സംസ്ഥാന കമ്മിറ്റി.

“ഫുട്ബോൾ കായികാഭ്യാസമെന്ന നിലയിൽ നിഷിദ്ധമായ കളിയല്ലെന്നും മനുഷ്യരുടെ ശാരീരികവും മാനസികവുമായ അഭിവൃദ്ധിക്ക് ഗുണകരമാവുന്ന ഒന്നുമാണ്. നമസ്‌കാരം കൃത്യസമത്ത് നിർവഹിക്കുന്നതിൽ നിന്നും തടസപ്പെടുത്തുന്ന വിധത്തിലായിരിക്കരുത് വിനോദങ്ങളോടുള്ള വിശ്വാസിയുടെ സമീപനം,” സംസ്തയുടെ പ്രസംഗക്കുറിപ്പില്‍ പറയുന്നു.

“അമിതമായ ആവേശം ഒരു കാര്യത്തിലും വിശ്വാസിക്ക് ഉണ്ടാകരുത്. ചിലവാക്കുന്ന പണം ദൈവം നല്‍കുന്നതാണ്. അതിനെല്ലാം ദൈവത്തിന്റെ മുന്‍പില്‍ കണക്ക് ബോധിപ്പിക്കേണ്ടി വരും. ചില കളികളും കളിക്കാരും നമ്മിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ആ സ്വാധീനം ഒരു ലഹരിയായി മാറാതിരിക്കാൻ ശ്രദ്ധിക്കണം,” സമസ്ത ഉപദേശിക്കുന്നു.

“ലക്ഷങ്ങള്‍ മുടക്കിയുള്ള താരങ്ങളുടെ കട്ടൗട്ടുകള്‍ ഉയരുന്നു. ഭക്ഷണത്തിന് വകയില്ലാത്തവരും വരുമാനം ഇല്ലാത്തവരും ഇതില്‍ പങ്കാളികളാകുന്നു എന്നത് ആശ്ചര്യകരമാണ്. ഇത് ഫുട്ബോളിനോടുള്ള സ്നേഹമല്ല. മറിച്ച് തന്റെ ഹീറോയോടുള്ള ആരാധനയുടെ ഫലം മാത്രമാണ്. കളി ആരാധന അതിരുവിട്ടാല്‍ അപകടമാണ്, അള്ളാഹുവിനെ മാത്രമെ ആരാധിക്കാവു,” സമസ്ത നിര്‍ദേശിക്കുന്നു.

കളിയോടുള്ള സ്നേഹം വ്യക്തി ആരാധനയോടും ആ രാഷ്ട്രത്തിനോടുള്ള ദേശിയ പ്രതിദ്ധതയിലേക്കും മാറാന്‍ പാടില്ലെന്നും സമസ്ത ഉപദേശിക്കുന്നുണ്ട്. പോര്‍ച്ചുഗലിന്റെ പേര് എടുത്ത് പറഞ്ഞാണ് വിമര്‍ശനം. രാജ്യത്തെ ആദ്യ അധിനിവേശ ശക്തിയായ പോര്‍ച്ചുഗലിനേയും ഇസ്ലാം വിരുദ്ധ രാജ്യങ്ങളേയും അന്ധമായി ഉള്‍ക്കൊണ്ട് നടക്കുന്നത് ശരിയല്ലെന്നും സമസ്ത പറയുന്നു.