തിരുവനന്തപുരം: കത്തു വിവാദത്തില്‍ മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താനാണെന്ന് ശശി തരൂര്‍ എംപി. എന്നാല്‍ ചിലരത് മറന്നുവെന്നും അദേഹം പറഞ്ഞു. നവംബര്‍ ഏഴിന് രാവിലെ താനാണ് ആദ്യം മേയറുടെ രാജി ആവശ്യപ്പെട്ടത്. കോര്‍പ്പറേഷനെതിരായ യുഡിഎഫിന്‍റെ സമരത്തിന് തന്‍റെ എല്ലാ പിന്തുണയുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നില്‍ നടക്കുന്ന യുഡിഎഫ് സമര വേദിയിൽ സംസാരിക്കുകയായിരുന്നു തരൂര്‍.

ഈ വിഷയത്തില്‍ തരൂര്‍ നിലപാട് സ്വീകരിച്ചില്ലെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് അദേഹത്തിന്‍റെ പ്രതികരണം. മേയറുടെ രാജി ആവശ്യപ്പെട്ടതിന് മൂന്നു കാരണങ്ങള്‍ ഉണ്ടെന്നും തരൂര്‍ വ്യക്തമാക്കി.സംസ്ഥാനത്ത് തൊഴിലില്ലായ്മ അതി രൂക്ഷമാണ്. സര്‍ക്കാര്‍ ജോലിയോ കോര്‍പ്പറേഷനിലെ താല്‍ക്കാലിക ജോലിയോ ആവട്ടെ നാട്ടിലെ എല്ലാ പൗരന്മാരെയും ഒരുപോലെ പരിഗണിക്കേണ്ടതുണ്ട്. ഈ ജോലിക്ക് ശമ്പളം നല്‍കുന്നത് നാട്ടിലെ ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണെന്ന് ഓർക്കണം. ഈ ജോലി പാര്‍ട്ടിക്കാര്‍ക്ക് മാത്രം നല്‍കാന്‍ ആര്‍ക്കും അവകാശമില്ലെന്നും തരൂര്‍ പറഞ്ഞു.

അതേസമയം, തരൂര്‍ തര്‍ക്കത്തില്‍ വി ഡി സതീശനെ ന്യായീകരിച്ചും കെ മുരളീധരനെ തള്ളിയും രമേശ് ചെന്നിത്തല രംഗത്തെത്തി.പാര്‍ട്ടിയില്‍ ആരെയും ഭയക്കേണ്ട സാഹചപര്യമില്ല. എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള ഇടം കോണ്‍ഗ്രസിലുണ്ട്. അതേസമയം ഏത് കുപ്പായം തുന്നിക്കണമെങ്കിലും നാല് വര്‍ഷം കാത്തിരിക്കണമെന്നും ഇപ്പോഴേ ഒന്നും തയ്പ്പിക്കേണ്ടതില്ല എന്നും കെ മുരളീധരന്‍റെ പരാമര്‍ശത്തിന് മറുപടിയായി ചെന്നിത്തല പറഞ്ഞു.