തിരുവനന്തപുരം: സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഭിന്നതയുടെ ഭാഗമായി വിസി നിയമന തര്‍ക്കം കോടതി കയറിയതോടെ സാങ്കേതിക സര്‍വ്വകലാശാല പ്രവര്‍ത്തനം പ്രതിസന്ധിയിൽ. താൽക്കാലിക വിസിയായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍വകലാശാലയിൽ പ്രതിഷേധം തുടരുന്നതിനാൽ സര്‍ട്ടിഫിക്കറ്റ് വിതരണം പോലും നടക്കുന്നില്ല . 

കോഴ്‌സ് പൂര്‍ത്തിയാക്കി ഉപരിപഠനത്തിനും ജോലിക്കും കാത്തിരിക്കുന്ന വലിയൊരു വിഭാഗം കെടിയു വിദ്യാര്‍ത്ഥികളാണ് പ്രതിസന്ധിയിലായത്. യുജിസി മാനദണ്ഡം പാലിക്കാത്തതിനാൽ ഡോ രാജശ്രീയെ  വിസി സ്ഥാനത്ത് നിന്ന് സുപ്രീം കോടതി കഴിഞ്ഞമാസം പുറത്താക്കിയിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പേരുകൾ തള്ളി ഡോ. സിസ തോമസിന് ഗവര്‍ണര്‍ പകരം ചുമതല നൽകിയത് ഈ മാസം നാലിനാണ്. 
സിസ തോമസ് വന്നത് മുതൽ സര്‍വകലാശാല പ്രൊ. വിസിയും രജിസ്ട്രാറും അടക്കം ഉദ്യോഗസ്ഥരെല്ലാം നിസ്സഹകരണത്തിലാണ്. 

ഗവര്‍ണറോടുള്ള എതിര്‍പ്പ് കാരണം താൽകാലിക ചുമതല നൽകിയ വിസിയെ പോലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. അതേസമയം, നിയമനം ചോദ്യം ചെയ്‌ത്‌ ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. പലതവണ ഫയലുകൾ ആവശ്യപ്പെട്ടിട്ടും സിസ തോമസിന് ഓഫീസ് ഫയലുകളൊന്നും ഉദ്യോഗസ്ഥര്‍ ഇതുവരെ നൽകിയിട്ടില്ല. ഇതിനിടെ ഇടത് സംഘടനകളും എസ്എഫ്ഐയും സമരം ഇപ്പോഴും തുടരുകയാണ്.