തിരുവനന്തപുരം: സര്‍വകലാശാലകളിലെ നിയമന വിവാദത്തിന് പിന്നാലെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനം സംബന്ധിച്ച വിഷയം ഏറ്റെടുക്കുകയാണെന്ന് പ്രഖ്യാപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഓരോ മന്ത്രിമാരും 25ഓളം പേരെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിക്കുന്നു. രണ്ട് വര്‍ഷത്തിനു ശേഷം അവരോട് രാജിവെക്കാന്‍ നിര്‍ദ്ദേശിക്കുന്നു. അവര്‍ക്ക് ആജീവനാന്ത പെന്‍ഷന്‍ ലഭിക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ലഭിക്കുന്നത്. സാധാരണക്കാര്‍ക്ക് ഈ പെന്‍ഷന്‍ ലഭിക്കാന്‍ എത്രകാലം ജോലി ചെയ്യേണ്ടിവരുമെന്ന് ഗവര്‍ണര്‍ ചോദിച്ചു.

രണ്ട് വര്‍ഷം സര്‍വീസുണ്ടെങ്കില്‍ ആജീവനാന്ത പെന്‍ഷന്‍ നല്‍കാനുള്ള നീക്കം തട്ടിപ്പാണ്. യുവാക്കള്‍ ജോലി തേടി വിദേശത്ത് പോകേണ്ടി വരുമ്പോഴാണ് പൊതുപണം ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത്. അത് നിര്‍ത്തലാക്കാന്‍ തനിക്ക് നിര്‍ദേശിക്കാനാകില്ല. ഇത്തരം നിയമനത്തിലൂടെ നിയമത്തെ കൊഞ്ഞനം കാട്ടുകയാണ്. വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.