കൊച്ചി: കൊച്ചിയിൽ മൂന്ന് വയസുകാരൻ ഓടയിൽ വീണ സംഭവത്തിൽ ക്ഷമ ചോദിച്ച് കോർപ്പറേഷൻ സെക്രട്ടറി. രണ്ടാഴ്‌ചക്കുള്ളില്‍ ഓവുചാലുകള്‍ക്ക് സ്ലാബുകള്‍ ഇടുമെന്ന് കോര്‍പ്പറേഷന്‍ ഹൈക്കോടതിയെ അറിയിച്ചു. കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി കോടതിയില്‍ ഹാജരായി. നടപടിക്ക് കളക്‌ടര്‍ മേല്‍നോട്ടം വഹിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കാനകളും നടപ്പാതകളും പരിപാലിക്കുന്നതില്‍ വീഴ്‌ചയുണ്ടെന്നും ഓവുചാലുകള്‍ തുറന്നിടാന്‍ ആവില്ലെന്നും കോടതി പറഞ്ഞു.

പനമ്പിള്ളിനഗറിലാണ് ഓടയിൽ വീണ് മൂന്ന് വയസുകാരന് പരിക്കേറ്റത്. മൂടാതെ കിടന്ന ഓവുചാലിന്റെ വിടവിലേക്കാണ് കുട്ടി വീണത്. ഒപ്പമുണ്ടായിരുന്ന അമ്മയാണ് കുട്ടിയെ രക്ഷിച്ചത്. കാനയിലെ വെള്ളത്തിൽ മുങ്ങിയ കുട്ടിയെ അമ്മ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. വ്യാഴാഴ്‌ച രാത്രി എട്ടോടെയാണ് അപകടം സംഭവിച്ചത്. 

മെട്രോ ഇറങ്ങി രക്ഷിതാക്കൾക്കൊപ്പം നടന്ന് പോകുന്നതിനിടെയാണ് ഓവുചാലിന്റെ വിടവിലേക്ക് വീണത്. ഈ കാന മൂടണമെന്ന് പ്രദേശവാസികളും കൗൺസിലറും അടക്കം നിരവധി തവണ ആവശ്യപ്പെട്ടിരുന്നതായി ആക്ഷേപം ഉയരുന്നുണ്ട്. കുട്ടി ഇപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മലിന ജലം ഉള്ളിലെത്തിയതിനാൽ കുട്ടി നിരീക്ഷണത്തിൽ തുടരുകയാണ്. കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.