ഹൈദരാബാദ്: മുനുഗോഡ് ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ പാര്‍ട്ടിയായ ഭാരത് രാഷ്ട്ര സമിതിയിലെ എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച്  മൂന്ന് പേരെ തെലങ്കാന പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. അറസ്റ്റിന് തൊട്ടുപിന്നാലെ, എംഎല്‍എമാരെ സ്വാധീനിക്കാനെത്തിയ പ്രതികളില്‍ ഒരാളാള്‍ കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡിയുടെ സഹായിയെന്ന് ഭരണകക്ഷി ആരോപിച്ചു. ‘ഓപ്പറേഷന്‍ താമര’ ആരോപണങ്ങള്‍ നിഷേധിച്ച മന്ത്രി കിഷന്‍ റെഡ്ഡി സംഭവം മുഴുവന്‍ കെട്ടിച്ചമച്ചതാണെന്നും പറഞ്ഞു.

‘എല്ലാം കെട്ടിച്ചമച്ചതാണ്. എന്താണ് സംഭവിച്ചതെന്നോ അവര്‍ എന്താണ് പറഞ്ഞതെന്നോ എനിക്ക് പൂര്‍ണ്ണമായ വിവരമൊന്നുമില്ല. എല്ലാ വിശദാംശങ്ങളും അറിഞ്ഞതിന് ശേഷം ഞാന്‍ പ്രതികരിക്കും’- ജി കിഷന്‍ റെഡ്ഡി പറഞ്ഞു. ഹൈദരാബാദിലെ ഒരു ഫാംഹൗസില്‍ ബുധനാഴ്ച രാത്രി വൈകിയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. ഹൈദരാബാദ് നഗരത്തിനു പുറത്തുള്ള മൊയ്‌നാബാദ് അസീസി നഗറിലെ ഫാം ഹൗസില്‍ നിന്നാണ് മൂന്നു പേരും പിടിയിലായത്.

പണവും ചെക്കുകളും സ്ഥാനമാനങ്ങളും നല്‍കി ബിആര്‍എസ് നിയമസഭാംഗങ്ങളെ വരുതിയിലാക്കാന്‍ മൂന്ന് പേര്‍ ശ്രമിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈബരാബാദ് പോലീസ് നടത്തിയ പരിശോധനയിലാണ് മൂന്ന് പേര്‍ അറസ്റ്റിലായത്. രാംചന്ദ്രഭാരതി, സോമയാജുലു സ്വാമി, ഡെക്കാന്‍ പ്രൈഡ് ഹോട്ടല്‍ ഉടമ നന്ദകുമാര്‍ എന്നീ മൂന്നുപേരെയാണ് പോലീസ് പിടികൂടിയത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ബിആര്‍എസ് എംഎല്‍എമാരായ പൈലറ്റ് രോഹിത് റെഡ്ഡി, രേഗാ കണ്ഠറാവു, ഗുവ്വാല ബാലരാജു, ബീറാം ഹര്‍ഷവര്‍ധന്‍ എന്നിവരെ സ്വാധീനിക്കാന്‍ ശ്രമം നടന്നതായി പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ഇടപാടിലെ ഇടനിലക്കാരനായ പൈലറ്റ് രോഹിത് റെഡ്ഡിയാണ് കേസിലെ പരാതിക്കാരന്‍.

പ്രതികളിലൊരാളായ നന്ദകുമാറിന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ജി കിഷന്‍ റെഡ്ഡിയുമായി ബന്ധമുണ്ടെന്ന് ബിആര്‍എസ് ആരോപിച്ചു. പോലീസ് റെയ്ഡിനിടെ, തന്റെ സാന്നിധ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, താന്‍ ഒരു ‘പൂജ’യ്ക്കായി ഫാംഹൗസിലാണെന്നും എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലെന്നുമാണ് നന്ദു ഉദ്യോഗസ്ഥരോട് പറഞ്ഞത്.

അടുത്തിടെ, ടിആര്‍എസിന്റെ എംഎല്‍എമാരെ സ്വന്തം പാളയത്തില്‍ എത്തിക്കാന്‍ ബിജെപി ശ്രമം നടത്തിയിരുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായി നന്ദകുമാറാണ് എംഎല്‍എമാരായ രെഗകന്തറാവു, ഗുവാല ബാലരാജു, ബീരം ഹര്‍ഷവര്‍ധന്‍ റെഡ്ഡി, പൈലറ്റ് രോഹിത് റെഡ്ഡി എന്നിവരെ സമീപിച്ചത്. നന്ദകുമാര്‍ മുന്‍പും പല എംഎല്‍എമാരെയും സമീപിച്ചിരുന്നു. വിവരം അറിഞ്ഞ ടിആര്‍എസ്, നന്ദകുമാറിന്റെ പ്രലോഭങ്ങള്‍ക്ക് അനുകൂലമായി പ്രതികരിച്ച ശേഷം പോലീസിനെ വിവരം അറിയിച്ചു. 

നാല് എംഎല്‍എമാരെയും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ (കെസിആര്‍) ഔദ്യോഗിക വസതിയായ പ്രഗതിഭവനിലേക്ക് കൊണ്ടുപോയി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മുനുഗോഡ് മണ്ഡലത്തിലെ പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുന്നതിനിടെയാണ് ഇപ്പോഴത്തെ സംഭവം. 

അതേസമയം, ബിആര്‍എസ് എംഎല്‍എമാരെ വേട്ടയാടാന്‍ ബിജെപി ശ്രമിക്കുന്നുവെന്നാരോപിച്ചതിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യത്തില്‍, നാല് എംഎല്‍എമാരും ഇന്ന് പത്രസമ്മേളനം വിളിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ എത്തിയ കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡിയും നാമ്പള്ളിയിലെ ബിജെപി ഓഫീസില്‍ വാര്‍ത്താസമ്മേളനം നടത്തും. 2019 മുതല്‍, തെലങ്കാനയില്‍ ഓപ്പറേഷന്‍ ലോട്ടസ് ആരംഭിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി അവകാശവാദങ്ങളുണ്ട്. എന്നാല്‍, ആരോപണങ്ങള്‍ തെളിയിക്കാന്‍ ഭരണ മുന്നണിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. 

മുനുഗോഡില്‍ ബിജെപിയാണ് ടിആര്‍എസിന്റെ എതിരാളികള്‍. എന്നാല്‍, മുനുഗോഡില്‍ നിന്ന് ശ്രദ്ധ തിരിക്കാനായി മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ‘കുതിരക്കച്ചവട നാടകം’ സംഘടിപ്പിച്ചതാണെന്ന് തെലങ്കാന ബിജെപി നേതാവ് ഡി.കെ.അരുണയും നിസാമാബാദിലെ ബിജെപി എംപി ഡി.അരവിന്ദും ആരോപിച്ചു. ബിആര്‍എസ് ഉന്നയിച്ച ആരോപണങ്ങളില്‍ സിറ്റിങ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്ന് നിസാമാബാദ് എംപിയും ബിജെപി നേതാവുമായ ധര്‍മപുരി അരവിന്ദ് ആവശ്യപ്പെട്ടു. എം.എല്‍.എ.മാരെ വേട്ടയാടാനുള്ള ഇടപാട് ചര്‍ച്ച ചെയ്ത ഫാം ഹൗസില്‍ നിന്ന് പണമൊന്നും കണ്ടെടുക്കാത്തതിനാല്‍ മുനുഗോട് ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.