തിരുവനന്തപുരം: മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ വെല്ലുവിളിച്ച് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ശ്രീരാമകൃഷ്ണന്റെ ചില ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് മാനനഷ്ടക്കേസ് കൊടുക്കാൻ സ്വപ്ന വെല്ലുവിളിച്ചത്. കേസ് കൊടുത്താൽ കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ സാധിക്കുമെന്നും സ്വപ്ന പറഞ്ഞു.

ഒറ്റയ്ക്ക് ഔദ്യോഗിക വസതിയിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വസതിയിൽ വച്ച് ഒരുമിച്ച് മദ്യപിച്ചിട്ടുണ്ടെന്നും ഉൾപ്പെടെയുള്ള സ്വപ്നയുടെ ആരോപണങ്ങൾ ശ്രീരാമകൃഷ്ണൻ ഇന്നു തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് സമൂഹമാധ്യമത്തിൽ ശ്രീരാമകൃഷ്ണന്റെ ചില സ്വകാര്യ ചിത്രങ്ങൾ സ്വപ്ന പങ്കുവച്ചത്. ശ്രീരാമകൃഷ്ണൻ സ്പീക്കറായിരിക്കെ ഓഫിസിൽ എത്തിയതിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.